
സൂറത്ത്: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വോട്ട് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മോദി ആരാധകനാണ് മകന്റെ ക്ഷണക്കത്തിലൂടെ തന്‍റെ നേതാവിന് വേണ്ടി വോട്ട് തേടിയത്. വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾ സമ്മാനങ്ങൾക്ക് പകരം തെരഞ്ഞെടുപ്പിൽ മോദിക്ക് വോട്ട് നൽകാനാണ് ഇദ്ദേഹം അഭ്യർത്ഥിക്കുന്നത്.
ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ പ്രതികൂലിച്ച് കൊണ്ട് രംഗത്തെത്തി. മോദിയെ ഞങ്ങൾക്ക് വേണ്ട എന്നാണ് മിക്ക ആളുകളുടെയും പ്രതികരണം. ഇത്തരത്തിൽ മുമ്പും വിവാഹ ക്ഷണക്കത്ത് വഴി മോദിയെ പ്രകീർത്തിച്ച് കൊണ്ട് പലരും രംഗത്തെത്തിരുന്നു. മാംഗ്ലൂര്‍ സ്വദേശിയായ അരുണ്‍ പ്രസാദ് എന്നയാൾ നേരത്തെ മോദിക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നൽകണമെന്ന് ക്ഷണക്കത്തിൽ അച്ചടിച്ചിരുന്നു.
ഭൂഷണ്‍ ബ്രാന്‍സണ്‍ എന്നയാൾ മോദി സർക്കാരിന്റെ പദ്ധതികളെ കുറിച്ചും നേട്ടങ്ങളെ പറ്റിയും വിവരിച്ചു കൊണ്ടാണ് തന്റെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്. സാര്‍ ഇതെന്റെ വിവാഹ ക്ഷണക്കത്താണ്. മോദി ഗവണ്‍മെന്റിന്റെ നേട്ടങ്ങളെയും പദ്ധതികളെയും കുറിച്ച് ഞാന്‍ ഇതില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഇത് എല്ലാ അതിഥികളും വായിക്കണം. ഞങ്ങള്‍ മോദിയെ സംരക്ഷിക്കുന്നു. മോദി രാജ്യത്തെ സംരക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഭൂഷണ്‍ കത്ത് ട്വീറ്റും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിലര്‍ മോദിയുടെ സ്വച്ഛ് ഭാരതിന്റെ ലോഗോ രേഖപ്പെടുത്തി കൊണ്ട് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇതിൽ ചിലതിന് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam