
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിഎസിന്‍റെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. പൊതുഭരണ വകുപ്പ് വിഎസിന് ഔദ്യോഗിക വസതിയായി അനുവദിച്ചത് നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തൈക്കാട് ഹൗസ്.
എതിര്‍പ്പുണ്ടെങ്കിൽ കവടിയാര്‍ ഹൗസും പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാലും ഇതുരണ്ടുമല്ല, അടുത്തിടെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടി നവീകരിച്ച സുമാനുഷം എന്ന വീട് തന്നെ വേണമെന്നാണ് വിഎസിന്‍റെ ആവശ്യം. ഇതാകട്ടെ അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിക്കുകയും ചെയ്തു. മാത്രമല്ല മുൻചീഫ് സെക്രട്ടറി ജിജി തോംസണ്‍ ലക്ഷങ്ങൾ മുടക്കി അനാവശ്യ അറ്റകുറ്റപണി നടത്തിയെന്ന പരാതി ഇതെ വീടിനെ കുറിച്ച് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ഉന്നയിക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിൽ പഴയ നിയമസഭാ മന്ദിരത്തിന് പുറകിലുള്ള മുൻമന്ത്രി അടൂര്‍ പ്രകാശിന്‍റെ ഓഫീസ് അറ്റകുറ്റ പണി പൂര്‍ത്തിയാക്കി വിഎസിന് നൽകാനും ആലോചനയുണ്ട്. എന്നാൽ പുതിയ സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്നാണ് വിഎസിന്‍റെ താൽപര്യം.
ഇരട്ടപദവി നിയമത്തിലെ ഭേദഗതി അടക്കം കടന്പകൾ കടന്ന് ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മീഷൻ ഉത്തരവിറങ്ങിയെങ്കിലും ഔദ്യോഗിക വസതിയിലും ഓഫീസിലും ഉടക്കി നിയമനം നീണ്ടുപോകുന്ന അവസ്ഥയെന്ന് ചുരുക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam