മാനവീയത്തില്‍ അവര്‍ക്കായി നില്‍ക്കാ‍ന്‍ വിഎസ് അച്യുതാനന്ദനും

By Web DeskFirst Published Apr 15, 2018, 12:50 PM IST
Highlights
  • കശ്മീരിലെയും ഉന്നാവോയിലേയും ഇരകൾക്കായി വിഎസ് തെരുവിൽ നിൽക്കും.

തിരുവനന്തപുരം: സാമൂഹ്യമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന എന്‍റെ തെരുവ് എന്‍റെ പ്രതിഷേധം പരിപാടിയിൽ വിഎസ്.അച്യുതാനന്ദൻ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മാനവീയം വീധിയിൽ നടക്കുന്ന പ്രതിഷേധത്തിലാണ് വിഎസ് പങ്കെടുക്കുക. ഇന്ന് വൈകുന്നേരം തെരുവിൽ എവിടെയാണോ ഉള്ളത് അവിടെ ശ്രദ്ധേയമായ ഒരു ഭാഗത്ത് ഒത്തുചേർന്ന് കൈയ്യിൽ പ്ലക്കാഡുകളുമായി കഴിയുന്നത്ര സമയം നിൽക്കുക എന്നായിരുന്നു ഓൺലൈൻ സമരാഹ്വാനം.

ക്രൂരമായ ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരായി തെരുവിൽ നിന്ന് പ്രതിഷേധിക്കുക എന്ന ആശയം കലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരടക്കം നിരവധിപ്പേരാണ് ഏറ്റെടുത്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് അഞ്ച് മണിക്ക് ഈ പ്രതിഷേധം നടക്കുമെന്ന് ഓൺലൈൻ കൂട്ടായ്മകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന ആക്ടിവിസ്റ്റാണ് രണ്ട് ദിവസം മുമ്പ് #MyStreetMyProtest എന്ന ഹാഷ് ടാഗിനൊപ്പം ബംഗളൂരു നഗരത്തിൽ ഇത്തരം ഒരു പ്രക്ഷോഭത്തിന് ആദ്യം ആഹ്വാനം നൽകിയത്. മലയാളി മാധ്യമപ്രവർത്തകയായ മനില.സി.മോഹൻ ഈ സമരാഹ്വാനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഇത് പിന്നീട് നൂറുകണക്കിനാളുകൾ ഷെയർ ചെയ്യുകയായിരുന്നു. ഓൺലൈൻ സമരാഹ്വാനത്തിന്‍റെ പൂർണ്ണരൂപം ചുവടെ.

#MyStreetMyProtest

ആസിഫയ്ക്കും ഉന്നാവോയിലെ പെൺകുട്ടിക്കും വേണ്ടി, 
നമ്മൾ നമ്മുടെ തെരുവിൽ പ്രതിഷേധിക്കുന്നു.
ഏപ്രിൽ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മൾ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയിൽ റേപ്പ് ചെയ്യപ്പെട്ട ആ പെൺകുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവർക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയൽക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം.

2) സുഹൃത്തുക്കളേയും അയൽക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങൾ ഇ-മെയിൽ ചെയ്യുക. എഫ്.ബി യിൽ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകൾ ഉണ്ടാക്കുക.

4) 15-ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയൽക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവിൽ നമ്മൾക്ക് കഴിയുന്നത്ര സമയം നിൽക്കാം. അത് നമ്മൾ ഒറ്റയ്ക്കാണെങ്കിൽ പോലും. നമുക്കൊപ്പം കൂട്ടുകാർ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8) ചിത്രമെടുത്ത് #MyStreetMyProtest എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.

കടപ്പാട്: അരുന്ധതി ഘോഷ്,
ബാംഗ്ലൂർ

 

 

click me!