മുഖ്യമന്ത്രിക്കെതിരെ വി.എസ്. വീണ്ടും - 'ഉമ്മന്‍ചാണ്ടീ.., നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു'

Published : May 05, 2016, 08:48 PM ISTUpdated : Oct 04, 2018, 11:30 PM IST
മുഖ്യമന്ത്രിക്കെതിരെ വി.എസ്. വീണ്ടും -  'ഉമ്മന്‍ചാണ്ടീ.., നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു'

Synopsis

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വി.എസിന്റെ മറുപടി. താന്‍ എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും, ഇതു മൃഗസമാനമായ രാഷ്ട്രീയമാണെന്നും വി.എസ്. പറയുന്നു. ഇങ്ങനെ ചെയ്യുകവഴി മുഖ്യമന്ത്രി കേരളത്തിന്റെ മുഖത്താണു കാര്‍ക്കിച്ച് തുപ്പിയിരിക്കുന്നതെന്നും വി.എസ്. പറയുന്നു.

ഉമ്മൻ ചാണ്ടി, നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഇരയായ ദളിത് വിദ്യാർത്ഥിനി ജിഷയുടെ അമ്മയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോയി സന്ദർശിച്ച എന്നെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തന്റെ ഫെയ്സ് ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇട്ടതായി കണ്ടു. എത്രയോ ദാരുണമായ രംഗങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും കരളലയിപ്പിച്ച ഒരു രംഗത്തിന് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല.ആ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പാടുപെട്ടു എന്ന് ഞാൻ എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചിരിക്കുന്നത്. മൃഗസമാനമായ രാഷ്ട്രീയമാണിത്. ഇങ്ങനെ ചെയ്യുക വഴി താങ്കൾ കേരളത്തിന്റെ മുഖത്താണ് കാർക്കിച്ച് തുപ്പിയിരിക്കുന്നത്.

പെരുമ്പാവൂർ എം. എൽ.എ. സാജു പോൾ ഉൾപ്പെടെ ആരും തന്നെ സഹായിച്ചില്ല എന്ന് ആ അമ്മ അലമുറയിട്ട് കരഞ്ഞപ്പോൾ വാക്കുകൾ മുട്ടി ഞാൻ നിന്നു പോയി എന്നാണ് ഉമ്മൻ ചാണ്ടിയുടെ കണ്ടുപിടുത്തം.

ജിഷയെ എന്റെ സ്വന്തം കൊച്ചു മകളെ പേലെയും ജിഷയുടെ അമ്മയെ സ്വന്തം മകളായും ആണ് ഞാൻ കണ്ടത്. അവർ എന്റെ കൈകൾ അവരുടെ കൈകളിലേക്ക് എടുത്ത് വാവിട്ട് നിലവിളിച്ചു. ഈ ദുഃഖം കണ്ട് കരച്ചിലടക്കാൻ പോലും ഞാൻ പാടുപെടുന്നുണ്ടായിരുന്നു. അതിലും രാഷ്ട്രീയം കാണാൻ ഉമ്മൻ ചാണ്ടിയെ പോലെ അധമമനസ്സുള്ളവർക്കെ കഴിയൂ.

ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തിലേയ്ക്ക് വഴി തെളിച്ച സംഭവങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകളും ഇന്ന് കേരള ജനത സജീവമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ ഉണ്ടായ അപാകതകളും അന്വേഷണത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വൻ വീഴ്ചകളും മാധ്യമങ്ങൾ അക്കമിട്ട് പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകട്ടെ കഴിവ്കെട്ട പൊലീസിനെ സംരക്ഷിച്ചു കൊണ്ട് അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇതിനെയൊന്നും ആരും വിമർശിക്കരുത്. ഇതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

ഉമ്മൻ ചാണ്ടി, ഈ അസ്ഥിമാടത്തിന് വെള്ളപൂശാൻ ഞങ്ങളെ കിട്ടില്ല. ജിഷയുടെ അരുംകൊലയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും. ജിഷയുടെ ദുരനുഭവം കേരളത്തിലെ ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകാൻ പാടില്ല. അതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയും വനിതകൾക്ക് പഴുതടച്ചു കൊണ്ടുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വിവാദം: 'വക്കീൽ നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല, കേസും കോടതിയും പുത്തരിയല്ല': എകെ ബാലൻ
'അറസ്റ്റിൽ തെറ്റും ശരിയും പറയാനില്ല, അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് തന്ത്രിയാണ്'; കണ്ഠര് രാജീവരുടെ അറസ്റ്റിൽ കെ മുരളീധരൻ