ബന്ധുനിയമനം: ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് വി എസ്

By Web DeskFirst Published Oct 9, 2016, 4:48 AM IST
Highlights

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ വിവാദമായ ബന്ധു നിയമന വിഷയത്തില്‍ പ്രതികരണവുമായി ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യഷനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തില്‍ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് വി എസ് പറഞ്ഞു. ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോ എന്ന ചോദ്യത്തിന് സംശയമില്ലെന്നായിരുന്നു വി എസിന്റെ മറുപടി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് വി എസ് അച്യൂതാനന്ദന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം കുമാരപുരത്ത് ഒരു സ്വകാര്യ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് നേത്ര ചികില്‍സാ ക്യാംപ് ഉദ്ഘാടനം ചെയ്‌തു മടങ്ങവെയാണ് വി എസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ബന്ധുവും കണ്ണൂര്‍ എം പി പി കെ ശ്രീമതി ടീച്ചറുടെ മകനുമായ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ അദ്ധ്യക്ഷപദവിയില്‍ നിയമിച്ചതാണ് വിവാദമായത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ദുബായില്‍ പറഞ്ഞിരുന്നു. ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശകാരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ ഇ പി ജയരാജനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി വിജിലന്‍സ് ഗൗരവമായാണ് കാണുന്നത്. ഈ വിഷയത്തില്‍ വിജിലന്‍സ് നടപടി എടുക്കുമെന്നാണ് സൂചന.

click me!