സർക്കാറിനെ കുഴക്കി 'കാസ്ട്രോ'; എംകെഡി വഴി ലക്ഷ്യമിടുന്നത് പിണറായിയെ ?

By Web DeskFirst Published Jul 20, 2016, 2:07 AM IST
Highlights

തിരുവനന്തപുരം: പിണറായിയുടെ വിശ്വസ്തനായ എംകെ ദാമോദരനെ പരസ്യമായി തള്ളിയ വിഎസ് ഒരിടവേളക്ക് ശേഷം വീണ്ടും പുതിയ പോർമുഖം തുറക്കുന്നു. ഗവ.പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയത് തെറ്റാണെന്ന് പറയുന്ന വിഎസ് സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കി. നല്ല അഭിഭാഷക ആയത് കൊണ്ടാണ് സുശീലാ ഭട്ടിനെ നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് വിഎസ് വിശദീകരിച്ചു.

ദാമോദരൻ നിയമോപദേശകസ്ഥാനം വിട്ടതിൽ ആശ്വസിക്കുമ്പോഴാണ് സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കി കാസ്ട്രോയുടെ ചടുലനീക്കങ്ങൾ. എംകെ ദാമോരൻ വിഎസിനെ പേര് പറയാതെ ഒളിയമ്പെയ്തപ്പോൾ, ദാമോദരനെ പേരെടുത്ത് പറഞ്ഞാണ് കാവലാളുടെ ആക്രമണം. എംകെഡിയുടെ പേരാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന പിണറായിയിലേക്കും വിഎസിന്റെ കുന്തമുന നീളുന്നു.

ഐസ്ക്രീം കേസ് പോരിന്റെ പഴയ നാളുകളോർമ്മിപ്പിച്ചാണ് വിഎസിന്റെ പുതിയ നീക്കം.സുശീലാ ഭട്ടിനെ മാറ്റിയ സർക്കാർ‍ നടപടി തെറ്റാണെന്ന വിഎസിന്റെ നിലപാട്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയ കാര്യം പരസ്യമാക്കിയാണ് തിരുത്താനാവശ്യപ്പെടുന്നത്. കാബിനറ്റ് പദവി നൽകി വിഎസിന്റെ വായടപ്പിച്ചെന്ന വിമർശനം ഉയരുമ്പോഴാണ് നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഓർമ്മിപ്പിച്ച് വിഎസ് പരസ്യമായി  രംഗത്തെത്തുന്നത്. ദാമോദരൻ വിവാദം രാഷ്ട്രീയമായി വിശദീകരിക്കാൻ പാടുപെടുന്ന പാർട്ടിക്കും സർക്കാറിനും വിഎസിന്റെ നീക്കമുണ്ടാക്കുന്ന സമ്മർദ്ദം ഏറെയാണ്.

click me!