ആദ്യം മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് പറയൂ, എന്നിട്ടാകാം ഫിദല്‍

By Web DeskFirst Published Nov 26, 2016, 9:43 AM IST
Highlights

തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ കുറിച്ച് സിപിഎം നേതാക്കൾ അഭിപ്രായം പറയാത്തതിനെ വിമർശിച്ച് കോൺഗ്രസിന്റെ യുവ എംഎൽഎ വി.ടി. ബൽറാം. സിപിഎം നേതാക്കൾ മാവോയിസ്റ്റ് വേട്ടയെ കുറിച്ച് മിണ്ടാതെ ഫിഡൽ കാസ്ട്രോയ്ക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതിൽപ്പരം അശ്ലീലമായി മറ്റൊന്നില്ല. മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ര്‌ടീയ പ്രവർത്തകരേയാണ് നിങ്ങളുടെ സർക്കാർ കൊന്നുകളഞ്ഞിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം കുറിച്ചു. 

പോസ്റ്റിന്റെ പൂർണരൂപം...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഒരു ഭരണപക്ഷ എംഎൽഎ ആയിരിക്കുമ്പോഴും പോലീസ്‌ നയത്തേക്കുറിച്ചും മാവോയിസ്റ്റുകളോടുള്ള പോലീസ്‌ സമീപനത്തേക്കുറിച്ചുമുള്ള വിയോജിപ്പ്‌ പരസ്യമായി നിയമസഭക്കുള്ളിൽത്തന്നെ സൂചിപ്പിച്ചിരുന്നു.

അന്ന് മാവോയിസ്റ്റ്‌ സാഹിത്യത്തിന്റെ പേരിൽ കേസെടുക്കുകയാണ്‌ ചെയ്തിരുന്നതെങ്കിൽ ഇന്ന് രണ്ട്‌ മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നത്‌.

ഫേസ്ബുക്കിലും നിയമസഭയിലുമൊക്കെ പരസ്യമായി നിലപാടുകൾ സ്വീകരിച്ച്‌ "ആളാവാൻ" നോക്കാതെ പാർട്ടി കമ്മിറ്റികളിൽ മാത്രം അഭിപ്രായം പറഞ്ഞ്‌ 'തിരുമ്മൽ ശക്തി'കളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാർ ഈ വിഷയത്തിലും ക മാ ന്നൊരക്ഷരം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും അവരുടെ പരമോന്നത നേതാവ്‌ കേരളം ഭരിക്കുന്ന കാലത്ത്‌. എന്നാലും പിണറായി സർക്കാരിന്റെ ഈ മനുഷ്യക്കുരുതിയേക്കുറിച്ച്‌ സഖാവ്‌ എംഎ ബേബിയെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറക്കരുത്‌ സിപിഎമ്മുകാരാ, രണ്ട്‌ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരേയാണ്‌ നിങ്ങളുടെ സർക്കാർ കൊന്നുകളഞ്ഞിരിക്കുന്നത്‌. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങൾ വിപ്ലവനക്ഷത്രം ഫിദൽ കാസ്ട്രോക്ക്‌ അഭിവാദ്യങ്ങളർപ്പിക്കുന്നതിൽപ്പരം അശ്ലീലമായി മറ്റൊന്നില്ല.

click me!