സ്വാശ്രയ കോളേജ് പ്രവേശനം; വോട്ടെുപ്പില്‍ പങ്കെടുക്കാത്തിന്‍റെ കാരണം വ്യക്തമാക്കി വി.ടി. ബല്‍റാം

By Web DeskFirst Published Apr 5, 2018, 8:27 PM IST
Highlights
  • ബില്ലിനോടുള്ള എതിരഭിപ്രായം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു
  • നിയമം പാസാക്കാന്‍ വോട്ട് ചെയ്യാനുള്ള വിപ്പ് ഉണ്ടായിരുന്നില്ല
     

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു.

നിയമനിർമ്മാണ ചർച്ചകളിൽ അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്ന് വിട്ടുനിന്നതെന്നും ബല്‍റാം വ്യക്തമാക്കി.

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്നലെ സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്ന് ബഹു. സ്പീക്കർ ക്രമപ്രശ്നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തത്.

നിയമനിർമ്മാണ ചർച്ചകളിൽ അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ എംബരാസ്മെൻറ് സൃഷ്ടിക്കുന്നത് പാർലമെന്ററി രീതികൾക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയത്.

NB: ഞാൻ വോട്ടെടുപ്പിൽ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതും പലരും ഇൻബോക്സിൽ വന്ന് ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നൽകുന്നു എന്ന് മാത്രം.

click me!