ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചകോഴികളാകാനാവില്ല; രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

Published : Dec 28, 2016, 02:07 PM ISTUpdated : Oct 05, 2018, 01:53 AM IST
ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചകോഴികളാകാനാവില്ല; രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

Synopsis

പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പരസ്യ കയ്യേറ്റത്തിലും വാക്‌പോരിലെത്തി നില്‍ക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. നിങ്ങളുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്ന് തരാന്‍ ഈ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സില്ല. കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കളമൊഴിഞ്ഞ് അതിന് കഴിയുന്നവര്‍ക്ക് വഴിമാറിക്കൊടുക്കണമെന്ന് ബല്‍റാം തുറന്നടിച്ചു

കേരളത്തിലെ കോണ്‍ഗ്രസിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ പറ്റില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുമ്പോള്‍, ഫാഷിസ്റ്റ് തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമില്ലായ്മയും സ്വാര്‍ത്ഥ താത്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണെന്ന് ബല്‍റാം ആരോപിക്കുന്നു.

ഈയിടെ നടന്ന ഡിസിസി പ്രസിഡണ്ട് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടാ. കോണ്‍ഗ്രസില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യം പൊതുവില്‍ ഉണ്ടാവാറില്ല. അതിന്റെ ആവശ്യവുമില്ല. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ് കോണ്‍ഗ്രസിന്റെ രീതിക്ക് നല്ലത്. 

എന്നാല്‍ നേതാക്കള്‍ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കല്‍ കറക്റ്റ്നെസ് പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് ഈ പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സമീപദിവസങ്ങളില്‍ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണ് എന്ന് പറയാതെ വയ്യ. ഇത് ചില മനോഭാവങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ സ്വയം മനസ്സിലാക്കണം. 

നിലവാരമില്ലാത്ത വാക്പ്പോരിന് ശേഷം ഇപ്പോള്‍ യഥാര്‍ത്ഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങള്‍ അധ:പതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യമാണ്.  വിടുവായത്തവും തമ്മിലടിയും നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനും തയ്യാറാവണമെന്നും വിടി ബല്‍റാം പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ