പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ ഞായറാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെയാണ് അപകടമുണ്ടായത്. കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്തുള്ള എസ്‌ബി‌എൽ കമ്പനിയിലാണ് സ്ഫോടനം. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ അധികൃതർ പ്രദേശം വളഞ്ഞിട്ടുണ്ട്.

ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ രാവിലെ 7 നും 7.15 നും ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികൾ പിടിഐയോട് പറഞ്ഞു. പരിക്കേറ്റ നിരവധി തൊഴിലാളികളെ ഉടൻ തന്നെ നാഗ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു. 

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) ടീമുകളും എത്തി. നാഗ്പൂർ ജില്ലയിലെ റൗൾഗാവിലെ ഒരു സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. മരിച്ചവർക്ക് ഞാൻ ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ നാഗ്പൂരിലേക്ക് മാറ്റി. അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ദൈവ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.