
തിരുവനന്തപുരം: പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎം ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്തെ സംഘികളുടേയും ചോദ്യവുമെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. എന്തായാലും രാജ്യത്തോട് സ്നേഹവും കടപ്പാടും ഉള്ളതിനാല്‍ ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ലെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വീരമൃത്യു വരിച്ച ജവാന്മാരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നുവെന്നും ബല്‍റാം പറഞ്ഞു. പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും.
പക്ഷേ അത് ഇന്നല്ല നാളെയാണെന്നും ബല്‍റാം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം.
വി ടി ബല്‍റാമിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.
ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്നേഹവും കടപ്പാടുമാണ്. കർത്തവ്യ നിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച നാൽപ്പതോളം ഇന്ത്യൻ ജവാന്മാർക്കും അവരുടെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നു.
പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam