സൗദിയില്‍ വേതന സുരക്ഷാ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്; കൃത്യമായി ശമ്പളം കിട്ടുന്നത് ഉറപ്പുവരുത്തും

By Web DeskFirst Published Feb 1, 2018, 12:54 AM IST
Highlights

സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ മൂന്നാംഘട്ടം നാളെ ആരംഭിക്കും. 30  മുതൽ 39 ജീവനക്കാർ വരെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഇതോടെ പദ്ധതിക്ക് കീഴില്‍ വരും. 4.75 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പുതുതായി പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വേതന സുരക്ഷാ പദ്ധതിയുടെ 13-ാം ഘട്ടമാണ് വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്നത്. 30 മുതല്‍ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇതോടെ പദ്ധതിക്ക് കീഴില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 14,000ഓളം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 4,77,400  തൊഴിലാളികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഘട്ടം ഘട്ടമായി എല്ലാ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് കരാര്‍ പ്രകാരമുള്ള ശമ്പളം ബാങ്ക് വഴി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാനപ്പെട്ട സവിശേഷത. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇരുവര്‍ക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ഇതുമൂലം സാധിക്കും എന്നാണു പ്രതീക്ഷ. 

കൃത്യമായി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ വര്‍ക്ക് പെര്‍മിറ്റ്‌ ഇഷ്യൂ ചെയ്യുകയും പുതുക്കുകയും ചെയ്യുന്നത് ഒഴികെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്യും. ശമ്പളം നല്‍കാന്‍ മൂന്ന്‍ മാസം വൈകിയാല്‍ സ്ഥാപനത്തിനുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നിര്‍ത്തി വെക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്ഥാപനത്തിന്‍റെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറുകയും ചെയ്യാം. വര്‍ക്ക്‌ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

click me!