''ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രതിഫലമായി ലഭിച്ചത് 13000 രൂപ, കൊന്നത് ഹിന്ദുമതത്തെ രക്ഷിക്കാന്‍''

By Web DeskFirst Published Jun 19, 2018, 1:06 PM IST
Highlights
  • ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രതിഫലമായി ലഭിച്ചത് 13000 രൂപ
  •  കൊന്നത് ഹിന്ദുമതത്തെ രക്ഷിക്കാന്‍

ബംഗളുരു: പണത്തിന് വേണ്ടിയല്ല, തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പൊലീസിന് മൊഴി നല്‍കിയ പരശുറാം വാഘ്മെയറിന് പ്രതിഫലമായി ലഭിച്ചത് 13000 രൂപയെന്ന് വെളിപ്പെടുത്തല്‍. 

29 കാരനായ പരശുറാമിന് ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തത് സിന്ധഗിയില്‍വച്ച് കണ്ടുമുട്ടിയ ആളാണ്. 3000 രൂപയാണ് ഇയാള്‍ക്ക് മുന്‍കൂറായി ലഭിച്ചത്.  അതും നഗരത്തിലെ താമസത്തിനും ഭക്ഷണത്തിനുമായി. കൊലപാതകത്തിന് ശേഷം അപരിചിതനായ ആ  മനുഷ്യന്‍ തനിക്ക് 10000 രൂപ കൂടി നല്‍കുകയും നഗരം വിട്ട് പോകുകയും ചെയ്തുവെന്നും പരശുറാം പറഞ്ഞു. 

ഗൗരി ലങ്കേഷിനെ കൊന്നതിന് ശേഷം തന്‍റെ നാട്ടിലേക്ക് തിരിച്ച് പോയി. ആരും പിന്നീട് താനുമായി ബന്ധപ്പെട്ടില്ല. അന്നുവരെ ജോലി ചെയ്തിരുന്ന സോപ്പ് കമ്പനിയിലേക്ക് പിന്നീട് പോയില്ലെന്നും ഇയാള്‍ പറയുന്നു. പരശുറാം കൊലപാതകത്തെ പറ്റി കുടുംബക്കാരോട് ഉള്‍പ്പെടെ ആരോടും ചര്‍ച്ച ചെയ്തില്ല. സാധാരണത്തെ പോലെതന്നെ ബന്ധുക്കളോട് പെരുമാറി. ഇതുകൊണ്ടുതന്നെ പൊലീസ് പരശുറാമിനെ പിടികൂടിയപ്പോള്‍ പ്രതിയാണെന്ന് വിശ്വിസിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. 

ഗൗരി ലങ്കേഷ് ഹിന്ദു വിരോധിയാണെന്നും ഇതാണ് അവരെ കൊലപ്പെടുത്തിയതിന് കാരണമെന്നും പ്രതി പരശുറാം വാഗ്മോർ പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്റെ മതത്തെ രക്ഷിക്കാൻ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. 

ഒരാൾ തുടർച്ചയായി നമ്മുടെ മതവികാരം വൃണപ്പെടുത്തുന്നുണ്ടെന്നും ഇവരെ കൊലപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. കൊലപാകത്തിന് ശേഷമാണ് താൻ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെയാണെന്ന് മനസ്സിലായത്. ആ കൊലപാതകം നടത്തേണ്ടിയിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും പരശുറാം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  അറുപതോളം പേരെ ഗൗരിയെ കൊലപ്പെടുത്തുന്നതിനായി പരിശീലിപ്പിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. 

click me!