
ആലപ്പുഴ: ചങ്ങനാശ്ശേരി റോഡില്‍ മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞുവച്ച് വെള്ളം കെട്ടി നിന്ന പാടശേഖരത്തിലേക്ക് തള്ളിയിട്ടു. ഇന്ന് പുലര്‍ച്ചെ ചേര്‍ത്തല ഭാഗത്ത് നിന്ന് എത്തിയ ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു
ആലപ്പുഴ ചങ്ങനാശ്ശേരി റോഡരികിലെ പാടശേഖരങ്ങളില്‍ നിന്നുള്ള സ്ഥിരം കാഴ്ചയാണിത്. വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യമുള്‍പ്പടെ കൊണ്ടുവന്ന് രാത്രിയുടെ മറവില്‍ പാടശേഖരത്ത് നിക്ഷേപിക്കുന്നത് പതിവാണ്.
നാട്ടുകാര്‍ നിരവധി തവണ പരാതികള്‍ നല്‍കി. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം നാട്ടുകാര്‍ തന്നെ സംഘടിക്കാന്‍ തീരുമാനിച്ചു. രാത്രി ഉറക്കമൊഴിഞ്ഞിരുന്നു. അതിനിടയിലാണ് ചേര്‍ത്തല ഭാഗത്ത് നിന്ന് എത്തിയ ടാങ്കര്‍ ലോറി പണ്ടാരക്കുളത്തിനടുത്ത് എത്തിയതും നാട്ടുകാര്‍ പിടികൂടി പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടതും.
ഡ‍്രൈവറെ തടഞ്ഞുവെച്ച നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. റോഡിന്‍റെ ഇരുവശങ്ങളിലും സ്ഥിരമായി മാലിന്യം നിക്ഷേപിക്കാറുണ്ടെന്ന് ഇതുവഴി സ്ഥിരം യാത്രചെയ്യുന്നവര്‍ക്കുമറിയാം. ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണം ശക്തമാക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. ലോറിയില്‍ മാലിന്യം ഉണ്ടായിരുന്നില്ലെന്നും സാധാരണ മാലിന്യം തള്ളാന്‍ എത്തുന്ന ലോറിയാണോ ഇത് എന്ന് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam