പരിസ്ഥിതി സം​രക്ഷിക്കുന്നതിലേക്കായി ഉത്തരാഖണ്ഡിൽ ജലവിനോദങ്ങൾ നിരോധിച്ച് ഹൈക്കോടതി

By Web DeskFirst Published Jun 22, 2018, 5:02 PM IST
Highlights
  • ജലവിനോദങ്ങൾ പാടില്ലെന്ന വിധിയുമായി ഉത്തരാഖണ്ഡ‍് ഹൈക്കോടതി
  • പരിസ്ഥിതിയും വെള്ളവും സംരക്ഷിക്കുന്നതിനെ മുൻനിർത്തി 

ഉത്തരാഖണ്ഡ്: പരിസ്ഥിതിയും വെള്ളവും സംരക്ഷിക്കുന്നതിനെ മുൻനിർത്തി ഇനി മുതൽ ജലവിനോദങ്ങൾ പാടില്ലെന്ന വിധിയുമായി ഉത്തരാഖണ്ഡ‍് ഹൈക്കോടതി. പാരാ ​ഗ്ലൈഡിം​ഗ്, വാട്ടർ റാഫ്റ്റിം​ഗ്, മറ്റ് ജലവിനോദങ്ങൾ നിർത്തലാക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകനായ ഹരി ഓം കശ്യപ് സമർപ്പിച്ച ഹർജിയിൻമേലാണ് ഈ സുപ്രധാന വിധി. ജഡ്ജിമാരായ രാജീവ് ശർമ്മ, ലോക്പാൽ സിം​ഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 

സാഹസിക വാട്ടർ സ്പോർട്സിനെ നിയന്ത്രിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനി മുതൽ സംസ്ഥാനത്തെ ഒരു നദിയിലും ജലവിനോദങ്ങൾ അനുവദിക്കുകയില്ല. ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സാഹസിക വിനോദ സഞ്ചാരത്തിനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് വാട്ടർ സ്പേർട്സിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്നത്. മാത്രമല്ല ഏഴായിരത്തിലധികം പേർക്ക് ഈ മേഖലയിൽ നിന്ന് പരോക്ഷമായി ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. 

താത്ക്കാലിക അനുവാദം വാങ്ങി വാട്ടർ സ്പോർട്സ് നടത്തുന്ന പലരും പിന്നീട് ഇത് സ്ഥിരം മേഖലയാക്കി മാറ്റുന്നു. ഇത് ജലം മലിനമാക്കുകയും പരിസ്ഥിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇവിടെ പിക്നിക്കിനെത്തുന്നവർ ജലത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധമില്ലാത്തവരായിട്ടാണ് പെരുമാറുന്നത്. അഴുക്കുചാലുകൾ നദിയിലേക്ക് ഒഴുക്കുന്ന പ്രവണതയും കണ്ടുവരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

click me!