
വയനാട്: വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാരഗിരി റോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. 115 പേർ റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതോടെയാണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമായത്. 5 കിലോ മീറ്റർ റോഡിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത്‍വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.
കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസ്റ്റ് പാതയുടെ ഭാഗമായാണ് റോഡ് വികസിപ്പിച്ചെടുത്തത്. തുഷാരഗിരിയിലെ പുതിയ പാലത്തിലൂടെ കടന്നുവരുന്ന റോഡ് താമരശ്ശേരി ചുരത്തിലെ ദേശീയ പാതയുമായി കൂടിച്ചേരും.വയനാട്ടിലേയും തുഷാരഗിരിയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത സഞ്ചാരികളെ ആകർഷിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
റോഡിനായി സ്ഥലം വിട്ടുനൽകിയ നാട്ടുകാരെ മന്ത്രി അഭിനന്ദിച്ചു. 115 പേരാണ് റോഡിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. ഒരു സെന്‍റ് മുതൽ 65 സെന്‍റ് സ്ഥലം വരെ നൽകിയവർ ഇക്കൂട്ടത്തിലുണ്ട്. കൃഷിഭൂമിയിലെ തെങ്ങും കവുങ്ങും റബ്ബറുമുൾപ്പെടെ മുറിച്ച് മാറ്റിയാണ് പലരും റോഡിനായി സ്ഥലമൊരുക്കിയത്.
22 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. 12 മീറ്റർ വീതിയിലുള്ള ഇരുവരി പാതക്ക് ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുണ്ട്. പി ടി എസ് ഹൈടെക്ക് പ്രൊജക്ട് ഇന്ത്യ ഗ്രൂപ്പിനായിരുന്നു നിർമ്മാണ ചുമതല. കാപ്പാട് തുഷാരഗിരി ടൂറിസ്റ്റ് പാത യാഥാർത്ഥ്യമാവുന്നത് തീരദേശ മലയോര ടൂറിസം മേഖലകൾക്ക് പുത്തൻ ഉണർവാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam