വയനാട്ടിലെ ആര്‍.ടി.ഒ ചെക്‌പോസ്റ്റുകള്‍ ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത് 83 ലക്ഷം രൂപ

Published : Jan 09, 2018, 05:08 PM ISTUpdated : Oct 05, 2018, 01:26 AM IST
വയനാട്ടിലെ ആര്‍.ടി.ഒ ചെക്‌പോസ്റ്റുകള്‍ ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത് 83 ലക്ഷം രൂപ

Synopsis

വയനാട്: സര്‍ക്കാരിന് മുതല്‍ക്കൂട്ടായി വയനാട്ടിലെ ആര്‍.ടി.ഒ ചെക്‌പോസ്റ്റുകള്‍. ഇതര സംസ്ഥാനവാഹനികുതി സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുത്തങ്ങ ആര്‍.ടി.ഒ ചെക്‌പോസ്റ്റില്‍ മാത്രം മൂന്നര മാസത്തിനുള്ളില്‍ ലഭിച്ച  നികുതികുടിശിക  70 ലക്ഷം രൂപ. 11 കോടിയിലധികം രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്. 13 ലക്ഷത്തോളം രൂപ കാട്ടിക്കുളം ചെക്‌പോസ്റ്റിലും ഇതുവരെ പിരിച്ചെടുത്തിട്ടുണ്ട്. 67 ലക്ഷം രൂപ ഇനിയും പിരിച്ചെടുക്കാനുമുണ്ട്. 

കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നാലുവര്‍ഷം മുമ്പ് കര്‍ണാടക വന്‍തോതില്‍ നികുതി വര്‍ധിപ്പിച്ചിരുന്നു. ഒരു സീറ്റിന് 600 രൂപ തോതിലായിരുന്നു ഇത്. എന്നാല്‍ കേരളത്തിലാകട്ടെ ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് വെറും നൂറ് രൂപയായിരുന്നു ഈടാക്കിയിരുന്നത്. കേരളത്തിലെ വാഹന ഉടമകളില്‍ നിന്നും മറ്റും പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക ടൂറിസ്റ്റുവാഹനങ്ങള്‍ക്കടക്കം അതേ രീതിയില്‍ നികുതി ചുമത്താന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. 

കുടിശിക യുദ്ധകാലടിസ്ഥാനത്തില്‍ പിരിച്ചെടുക്കണമെന്ന് കാട്ടിയുള്ള ഹൈക്കോടതി വിധിയുമായതോടെ അതിര്‍ത്തികളിലെത്തുന്ന വാഹനങ്ങളുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉദ്യോഗസ്ഥര്‍ നികുതിയും കുടിശികയും വസൂലാക്കി തുടങ്ങി. 2014 ഏപ്രില്‍ ഒന്നിനാണ് വര്‍ധന നിലവില്‍ വന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമസ്ഥര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേയും വാങ്ങി. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷം ഹൈക്കോടതിയുടെ അന്തിമ വിധിയെ തുടര്‍ന്നാണ് 2014 മുതലുള്ള കുടിശിക പിരിച്ചെടുക്കുന്നതിനലേക്കെത്തിച്ചത്. 

ഓര്‍ഡിനറി സീറ്റുകള്‍ക്ക് 500, പുഷ്ബാകിന് 600, സ്ലീപ്പറിന് 700 എന്ന തോതിലായിരുന്നു നികുതി ഉയര്‍ത്തിയിരുന്നത്. ഏഴ് ദിവസത്തിനായിരുന്നു നികുതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയിലെത്തുന്ന ഇതേ വാഹനം വീണ്ടും നികുതിയൊടുക്കണം. 2016 ഒക്ടോബറില്‍ കോടതി വിധി വന്നതോടെ 2014 ഏപ്രില്‍ ഒന്നുമുതല്‍ 2016 ജൂലൈ 18 വരെ കുടിശികയുള്ള തുക ഈ കാലയളവില്‍ അതിര്‍ത്തി കടന്ന എല്ലാ വാഹനങ്ങളും അടക്കേണ്ടതായി വന്നു. ഈ ഇനത്തില്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ മാത്രം പിരിഞ്ഞുകിട്ടാനുള്ളത് 12 കോടിയോളം രൂപയായിരുന്നു.

അതേ സമയം 2016 ജൂലൈ മുതല്‍ കേരളത്തിലോടുന്ന വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 300 രൂപ തോതില്‍ നികുതി നല്‍കിയാല്‍ മതിയെന്നായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ക്കും ഇതേ നികുതിയൊടുക്കിയാല്‍ മതി. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി മാത്രം കടന്നുപോയ 1600 ബസുകളില്‍ നിന്ന് കുടിശിക കിട്ടാനുണ്ടെന്ന് ജോയിന്റ് ആര്‍.ടി.ഒ എസ്. മനോജ് പറഞ്ഞു. 

ടൂറിസ്റ്റ് വാഹനങ്ങള്‍ പകുതിയോളം കുറഞ്ഞു

കുടിശിക പിരിവ് തുടങ്ങിയതോടെ മുത്തങ്ങ ചെക്‌പോസ്റ്റ് വഴിയുള്ള ടൂറിസ്റ്റ് ബസുകളുടെ വരവ് പകുതിയോളം കുറഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശബരിമല സീസണില്‍ അതിര്‍ത്തിയില്‍ കര്‍ണാടക വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കുടിശിക അടക്കാനുള്ളതും കൃത്യമായ രേഖകളില്ലാത്തതുമായ വാഹനങ്ങള്‍ മിക്കതും അതിര്‍ത്തി കടക്കാന്‍ തുനിഞ്ഞിട്ടില്ല. കടക്കാന്‍ ശ്രമിച്ചവയെ എല്ലാം കൈയ്യോടെ പിടികൂടുകയും ചെയ്തു. ചെക്‌പോസറ്റുകള്‍ ഒഴിവാക്കി കുറുവ വഴി ഏതാനും വാഹനങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പിടികൂടി.

നമ്പര്‍ പ്ലേറ്റും ചേസിസ് നമ്പറും മാറ്റി തട്ടിപ്പ്

കുടിശിക അടക്കാനുള്ള വാഹനങ്ങള്‍ അയ്യപ്പഭക്തരെയും കൊണ്ട് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. എന്നാല്‍ രേഖകള്‍ പരിശോധിക്കുന്നതോടെ ഇവര്‍ക്ക് പണമടക്കേണ്ടി വരും. ഇതിനിടക്കായിരുന്നു അധികൃതരെ പറ്റിക്കാനുള്ള ചില ബസുടമകളുടെ കടന്ന കൈ. യഥാര്‍ത്ഥ നമ്പര്‍പ്ലേറ്റ് മറച്ച് എല്ലാ രേഖകളും ഉളള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വെച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് ബസുകളാണ് വിവിധ ചെക്‌പോസ്റ്റുകളിലായി അധികൃതര്‍ പിടിച്ചെടുത്തത്. യഥാര്‍ഥ നമ്പര്‍ മായുന്ന തരത്തില്‍ ബസ് പൂര്‍ണമായും പുതിയ പെയിന്റ് അടിച്ച് അതിന് മുകളിലാണ് വ്യാജ നമ്പര്‍ എഴുതിയത്. 

എന്നാല്‍ യഥാര്‍ത്ഥ നമ്പറിലുള്ള വാഹനം മുമ്പ് ഇതേ ചെക്‌പോസറ്റ് വഴി പോയതിനാല്‍ തട്ടിപ്പുകാരെ പിടികൂടാന്‍ അധികം സമയം വേണ്ടി വന്നില്ല. ചേസിസ് നമ്പര്‍ അടക്കം വ്യാജന്‍ ആക്കിയതും കണ്ടെത്താനായി. അയപ്പ ഭക്തന്‍മാരുമായി വന്ന രണ്ട് ബസുകള്‍ മുത്തങ്ങയിലും ഒരെണ്ണം കാട്ടി്ക്കുളത്തുമാണ് പിടികൂടിയത്. അതേ സമയം നികുതി കുടിശിക പിരിക്കുന്നത് അന്യായമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുട്ടയിലെ വാഹനഉടമകള്‍ കാട്ടിക്കുളം ചെക്‌പോസ്റ്റിലെത്തി പ്രതിഷേധിച്ചിരുന്നു. കോടതി വിധിയുടെ പകര്‍പ്പ് കാണിച്ച് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ