
കല്‍പ്പറ്റ: സിപിഐ നേതാക്കളുള്‍പ്പെട്ട വയനാട് കുറുമ്പാലക്കോട്ട മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി വി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മിച്ചഭൂമി തട്ടിപ്പിനെകുറിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്
കേരളം വില്‍പ്പനക്ക് എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് കുറുമ്പാലക്കോട്ട ഉള്‍പ്പെടുന്ന പനമരം അഞ്ചുകുന്ന് കോട്ടത്തറ വില്ലേജുകളിലെ രേഖകള്‍ സംഘം പരിശോധിച്ചു. സര്‍ക്കാരിന്‍റെ എത്ര ഭൂമി നഷ്ടമായിട്ടുണ്ടെന്നറിയാനാണ് പരിശോധന.
രേഖകളെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഭൂമിയുടെ മുന്‍ രേഖകള്‍ സര്‍വെ സ്കെച്ച് തുടങ്ങിയവ ശേഖരിക്കും. മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പട്ട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര എക്സിക്യൂട്ടിവ് മെമ്പര്‍ ഇ ജെ ബാബു, ഡപ്യൂട്ടി കളക്ടര്‍ ടി സോമനാഥന്‍, ഇടനിലക്കാരായ കുഞ്ഞുമുഹമ്മദ്, റോയ്, സണ്ണി ജോയ് തുടങ്ങിയവരെ ചോദ്യം ചെയ്യും.
ടി സോമനാഥന്‍ ഡപ്യൂട്ടി കളക്ടര്‍ തസ്തികയിലിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളെല്ലാം സഘം പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരുടെ ശ്രമം. ജില്ലയിലെത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam