കശ്മീരില്‍ കടന്ന് പാകിസ്ഥാനെ സഹായിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് ചൈനയുടെ ഭീഷണി

By Web DeskFirst Published Jul 10, 2017, 10:54 AM IST
Highlights

പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കാശ്മീരില്‍ പ്രവേശിച്ച് ഇന്ത്യക്കെതിരെ നിലകൊള്ളാന്‍ ചൈന തയ്യാറാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. സിക്കിമിലെ ഡൊക്ലാമില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നത് ഭൂട്ടാന് വേണ്ടി ഇന്ത്യന്‍ സൈന്യത്തിന് തടയാമെങ്കില്‍ അതേ യുക്തി ഉപയോഗിച്ച് തങ്ങള്‍ക്ക് കാശ്മീരില്‍ പാക്കിസ്ഥാനെ സഹായിക്കാമെന്നാണ് ചൈനയുടെ വാദം. 

ഡൊക്ലാമില്‍  ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടിനുള്ള മറുപടിയായാണ് ചൈനയുടെ പുതിയ ഭീഷണി. ഇന്ത്യക്ക് ഭൂട്ടാനെ സഹായിക്കാം. അത് പക്ഷേ ഇവരുടെ ഭൂപ്രദേശത്ത് മാത്രമായിരിക്കണം. തര്‍ക്ക സ്ഥലങ്ങളില്‍ ഭൂട്ടാന് വേണ്ടി ഇന്ത്യക്ക് ഇടപെടാമെങ്കില്‍ കശ്മീരില്‍ പാകിസ്ഥാന് വേണ്ടി ചൈനക്കും ഇടപെടാം.  കാശ്മീരിന്റെ പേരില്‍ ഭീഷണിപ്പെടുത്തി അതിര്‍ത്തിയിലെ സംഘര്‍ഷസാഹചര്യം മുതലെടുക്കാനാണ് ചൈനയുടെ പുതിയ നീക്കം.
ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ സ്റ്റഡീസ് തലവനായ ലോങ് സിങ്ചന്‍ ഗ്ലോബല്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് പ്രകോപനപരമായ പരാമര്‍ശമുള്ളത്. ഭൂട്ടാന്‍ വിളിച്ചിട്ടാണ് ഇന്ത്യന്‍ സൈന്യം അവിടെ എത്തിയതെങ്കില്‍ പാകിസ്ഥാന്‍ വിളിച്ചാന്‍ ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരില്‍ പോലും ചൈനക്ക് പ്രവേശിക്കാം.

ഡൊക്ലാമിലെ ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ ആദ്യമായാണ് കശ്മീര്‍ വിഷയം വലിച്ചിഴയ്ക്കപ്പെടുന്നത്. 3488കി.മി വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 220കി.മി ദൂരമാണ് സിക്കിമിലുള്ളത്. സിക്കിമിനു സമീപമാണ് റോഡ് നിര്‍മ്മാണത്തിലൂടെ ചൈന പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഡൊക്ലാമിന്റെ സ്ഥാനം. സൈനിക നീക്കത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വിഭജിക്കാന്‍ ചൈന ശ്രമിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നതായും ചൈനീസ് മാധ്യമം ആരോപിക്കുന്നു. ഭൂട്ടാന്റെ പരമാധികാരത്തെ ഇന്ത്യ ബഹുമാനിക്കണമെന്നും ടിബറ്റന്‍ കാര്‍ഡിന്റെ വില കുറഞ്ഞുവരികയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

click me!