
തമിഴ്നാട്: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനി എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടിയെന്നും ഇനിയൊരിക്കലും തുറന്ന് പ്രവർത്തിക്കുകയില്ലെന്നും തമിഴ്നാട് മന്ത്രി ഡി. ജയകുമാർ. വളരെ ഉറച്ച തീരുമാനമാണ് ഇക്കാര്യത്തിൽ എടുത്തിരിക്കുന്നത്. രാംദേവിന്റെയും സദ്ഗുരുവിന്റെയും പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കേണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് മാസത്തിലാണ് സ്റ്റെർലൈറ്റ് കമ്പനി പൂട്ടിയത്. ഈ വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വൻ ജനപ്രക്ഷോഭം ഉയർന്നു വന്നിരുന്നു. സമരത്തെ അടിച്ചമർത്താൻ നടത്തിയ പൊലീസ് വെടിവപ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ സ്റ്റെർലൈറ്റ് കമ്പനി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായിട്ടാണ് സദ്ഗുരുവും ബാബാ രാംദേവും രംഗത്ത് വന്നത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഡി. ജയകുമാർ.
- കോപ്പറിനെക്കുറിച്ച് കൂടുതലായി എനിക്കൊന്നുമറിയില്ല. എന്നാൽ ഇന്ത്യ വളരെയധികം കോപ്പർ ഉപയോഗിക്കുന്ന രാജ്യമാണെന്ന് എനിക്കറിയാം. സ്വന്തമായി കോപ്പർ ഉത്പാദിപ്പിക്കാൻ സാധിച്ചില്ല എങ്കിൽ ചൈനയിൽ നിന്നും നമുക്ക് വില കൊടുത്ത് വാങ്ങേണ്ടി വരും. പരിസ്ഥിതി ലംഘനങ്ങൾ നിയമപരമായി നേരിടാവുന്നതാണ്. വൻകിട കമ്പനികളെ ഇല്ലാതാക്കുന്നത് സാമ്പത്തിക ആത്മഹത്യയായി പരിഗണിക്കേണ്ടി വരും- സ്റ്റെർലൈറ്റ് കമ്പനിയെ പിന്തുണച്ച് സദ്ഗുരു തന്റെ ട്വിറ്ററിൽ ഇങ്ങനെയാണ് കുറിച്ചത്. സിനിമാതാരം സിദ്ധാർത്ഥ് ഉൾപ്പെടെയുള്ളവർ ഈ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു. പതിമൂന്ന് പേരുടെ മരണത്തെ പരാമർശിച്ചാണ് സിദ്ധാർത്ഥ് ഈ ട്വീറ്റിന് മറുപടി നൽകിയത്. - കോപ്പറിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്. പൗരൻമാരെ വെടിവച്ച് വീഴ്ത്തിയത് കൊലപാതകമാണ്. അതിനെക്കുറിച്ച് സംസാരിക്കൂ എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി ട്വീറ്റ്.
വേദാന്ത കമ്പനി ചെയർമാർ അനിൽ അഗർവാളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രം കമ്പനി അടച്ചു പൂട്ടണമെന്നായിരുന്നു ബാബാ രാംദേവ് അഭിപ്രായപ്പെട്ടത്. രാജ്യവികസനത്തിന്റെ ദേവാലയങ്ങളാണ് വ്യവസായ മേഖലകൾ എന്നായിരുന്നു രാംദേവിന്റെ ട്വീറ്റ്. വേദാന്തയുടെ കോപ്പർ പ്ലാന്റ് പൂട്ടേണ്ടി വന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. അതിന് വേണ്ടി അവർ പ്രദേശവാസികളെ ഉപയോഗിച്ചുവെന്നായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. എന്നാൽ സ്റ്റെർലൈറ്റ് പ്ലാൻറിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും വൻപ്രതിഷേധവുമായാണ് രംഗത്തെത്തിയത്. മാത്രമല്ല ഈ കമ്പനി വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam