Latest Videos

പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

By Web DeskFirst Published May 4, 2017, 1:36 PM IST
Highlights

ദില്ലി: സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി.എങ്ങനെ തിരിച്ചടി നല്‍കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കാനില്ലെന്നും,സൈന്യത്തിന് നേരെയുള്ള ഏത് ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തി സൈനികരുടെ മൃതദ്ദേഹം തുണ്ടം തുണ്ടമാക്കി മടങ്ങിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പാക് ഹൈക്കമീഷണറെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ സൈന്യത്തില്‍ വിശ്വാസമര്‍പ്പിക്കാനാണ് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നു എന്ന സൂചനയാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എല്ലാം നടപ്പാക്കിയ ശേഷം വിശദീകരിക്കുകയാണ് സൈന്യത്തിന്റെ രീതിയെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇതിനിടെ ജമ്മു കശ്‍മീരിലെ ഷോപിയനില്‍ വന്‍ഭീകരവിരുദ്ധ ഓപ്പറേഷന്‍ കരസേന തുടങ്ങി. മൂന്നു ഗ്രാമങ്ങള്‍ വളഞ്ഞാണ് ഓപ്പറേഷന്‍. സൈന്യത്തിനെതിരെ ഭീകരര്‍ ആക്രമണം ശക്തമാക്കുകയും ബാങ്കുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഓപ്പറേഷന്‍.

click me!