പോസ്റ്റ് ഗ്രാജുവേഷൻ അഡ്മിഷന് വെയിറ്റേജ് മാർക്ക്; ഡോക്ടർമാർ ഹൈക്കോടതിയില്‍

By Web DeskFirst Published Apr 28, 2018, 3:14 PM IST
Highlights

സർക്കാർ സേവനം നടത്തുന്ന ഡോക്ടർമാർക്ക് പിജി പ്രവേശനത്തിന് 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് വെയിറ്റേജ് മാർക്ക് നൽകുക.

കൊച്ചി: ഗ്രാമങ്ങളിലെ സർക്കാർ ആശുപത്രികളിൽ സേവനം നടത്തുന്ന ഡോക്ടർമാർക്ക് പോസ്റ്റ് ഗ്രാജുവേഷൻ അഡ്മിഷന് വെയിറ്റേജ് മാർക്ക് നൽകുന്നതിനെതിരെ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 2018 ഏപ്രിലിൽ ആണ് മെഡിക്കൽ കൗൺസിൽ വെയിറ്റേജ് വ്യവസ്ഥയിൽ മാറ്റം കൊണ്ടുവന്നത്.

നീറ്റ് പോസ്റ്റ് ഗ്രാജുവേഷൻ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 44 ഡോക്ടർമാരാണ് കോടതിയെ സമീപിച്ചത്. പ്രവേശന നടപടികൾ ആരംഭിച്ച ശേഷം വ്യവസ്ഥയിൽ വരുത്തിയ മാറ്റം റദ്ദാക്കണം എന്നതാണ് ആവശ്യം.

കൂടാതെ 'റൂറൽ' എന്നാൽ നഗരത്തിനു പുറത്തുള്ള മുഴുവൻ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് എന്ന സംസ്ഥാന  സർക്കാരിന്റെ നടപടിയെയും ഹർജി ചോദ്യം ചെയ്യുന്നു. ഇതുപ്രകാരം മുനിസിപ്പാലിറ്റികളും കോർപറേഷനുകളും റൂറൽ പ്രദേശമായി കണക്കാക്കും. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ എന്നതിനൊപ്പം റൂറൽ എന്ന് കൂടി ഉൾപ്പെടുത്തിയത് ശരിയല്ല എന്നാണ് ഹർജിക്കാരുടെ വാദം.

അലോട്മെന്റ് നടക്കുന്നതിനിടെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് മെഡിക്കൽ കൗൺസിൽ പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. സർക്കാർ സേവനം നടത്തുന്ന ഡോക്ടർമാർക്ക് പിജി പ്രവേശനത്തിന് 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് വെയിറ്റേജ് മാർക്ക് നൽകുക. ഹർജിയിൽ കോടതി സംസ്ഥാന സർക്കാരിന്റെയും മെഡിക്കൽ കൗൺസിലിന്റെയും വിശദീകരണം തേടി.

click me!