അമ്പത് വര്‍ഷം കഴിഞ്ഞ് ആ റെയില്‍വേ സ്റ്റേഷനിലെ 'പ്രേതത്തിന്‍റെ' ചുരുളഴി‍ഞ്ഞു

By Web DeskFirst Published Dec 31, 2017, 7:19 PM IST
Highlights

കൊല്‍ക്കത്ത: ബെഗൂന്‍കോടാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നത് രാജ്യത്ത് പ്രചരിക്കുന്ന പ്രേതകഥകളില്‍ മുഖ്യസ്ഥാനമുള്ള ഒരു റെയില്‍വേ സ്റ്റേഷനാണ്. പശ്ചിമ ബംഗാളിലെ പുരലിയ ജില്ലയിലാണ് ഈ പ്രേത സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രേതഭീതിയെ 50 കൊല്ലത്തിന് ശേഷം പൊളിച്ച് അടുക്കിയിരിക്കുകയാണ് ഒരു കൂട്ടം യുക്തിവാദികള്‍. പശ്ചിമ ബംഗാള്‍ ബിഗ്യാന്‍ മഞ്ച് പ്രവര്‍ത്തകരാണ് രാത്രികളില്‍ ഈ സ്റ്റേഷനില്‍ തങ്ങി ഇവിടെ പ്രേതം ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നത്.

അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1967 ല്‍ വെള്ള സാരിയുടുത്ത ഒരു സ്ത്രീരൂപം പാളത്തിന് മുകളിലൂടെ നടക്കുന്നത് കണ്ടുവെന്ന് പറഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ ഇവിടെ മരിച്ചതോടെയാണ്  ബെഗൂന്‍കോടാര്‍ പ്രേതകഥകള്‍ കുപ്രസിദ്ധമായത്. പിന്നിട് പതുക്കെ ഈ സ്റ്റേഷന്‍ റെയില്‍വേ പോലും ഉപേക്ഷിച്ചു. എന്നാല്‍ 2009 ല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ അന്നത്തെ റെയില്‍വേ മന്ത്രിയും ഇപ്പോഴത്തെ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പുനര്‍ജ്ജീവിപ്പിച്ചു.

എന്നാല്‍ വൈകുന്നേരം 5 മണിക്ക് ശേഷം ഈ സ്റ്റേഷന്‍ പ്രവര‍ത്തിച്ചിരുന്നില്ല. ഈ  അവസ്ഥയിലാണ് ബിഗ്യാന്‍ മഞ്ചിന്‍റെ ഒന്‍പത് പ്രവര്‍ത്തകര്‍ ഇവിടെ താമസിച്ചത്. പോലീസ് സംരക്ഷണം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഇവര്‍ അത് നിഷേധിച്ചു. ഡിജിറ്റല്‍ കോംപസ്, ടോര്‍ച്ചുകള്‍ എന്നിവ കരുതിയാണ് ഇവര്‍ താമസിച്ചത് എന്നാല്‍ ഒരു തരത്തിലുള്ള അന്യ സാന്നിധ്യവും ഇവര്‍ കണ്ടെത്തിയില്ല.

എന്നാല്‍ ചില നാട്ടുകാര്‍ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു തങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുക്തിവാദ സംഘം ആരോപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചില പ്രദേശ വാസികള്‍ തന്നെയാണ് സ്റ്റേഷനിലെ പ്രേതകഥയ്ക്ക് പ്രചരണം നല്‍കുന്നത് എന്നാണ് യുക്തിവാദികളുടെ അനുമാനം.

click me!