എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. കപ്പൽ അപകടമുണ്ടായാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്താണെന്ന് ചോദിച്ച കോടതി, വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു

കൊച്ചി: കൊച്ചി തിരത്തിനടുത്തുണ്ടായ എം എസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈകോടതി. എം എസ് സി കപ്പൽ അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത് എന്ന് കോടതി ചോദിച്ചു. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണ്? കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി തിരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് എം എസ് സി കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. എം എസ് സി കപ്പൽ അപടകവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളും ടി എൻ പ്രതാപനും നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങളും നിർദ്ദേശങ്ങളും.

എം എസ്‌ സി എൽസ 3 കപ്പൽ അപകടം

2025 മെയ് മാസത്തിലാണ് അറബിക്കടലിൽ എം എസ്‌ സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എം എസ്‌ സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400 ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം