സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ''ഏ കച്ചുവാ'' എന്താണ്?

By Web TeamFirst Published Oct 26, 2018, 9:00 PM IST
Highlights

എന്താണ് ഏ കച്ചുവാ? നാളുകള്‍ക്ക് മുന്‍പ് പ്രചാരത്തില്‍ ഉള്ളതും രണ്ടാഴ്ചയില്‍ അധികമായി സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലും കമന്റുകളിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്ന പ്രയോഗമാണ് ഏ കച്ചുവാ.

തിരുവനന്തപുരം:  എന്താണ് ഏ കച്ചുവാ? നാളുകള്‍ക്ക് മുന്‍പ് പ്രചാരത്തില്‍ ഉള്ളതും രണ്ടാഴ്ചയില്‍ അധികമായി സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലും കമന്റുകളിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്ന പ്രയോഗമാണ് ഏ കച്ചുവാ. ഏ കച്ചുവാ, ഏ കച്ചവാ എന്നുമെല്ലാം ഉപയോഗിച്ച് സംഘപരിവാറിന്റെ അനുകൂല പ്രയോഗമായാണ് ഏ കച്ചുവാ മലയാളത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ശബരിമലയിലും നിലയ്ക്കലിലും നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ അനുകൂല സംഘടനകളെ ട്രോളാനും ഈ പ്രയോഗം ഉപയോഗിക്കുന്നുണ്ട്.

മുഗള്‍ സൈന്യത്തിന്റെ തലവനായിരുന്ന ഷേയ്സ്താ ഖാന്‍ എന്ന മിര്‍സ അബു താലിബിനെ മറാത്താ രാജാവായിരുന്ന ശിവാജി പരാജയപ്പെടുത്തിയതിനെ പ്രകീര്‍ത്തിച്ചുള്ള മറാത്തി ഭാഷയിലുള്ള പാട്ടില്‍ നിന്നുമാണ് ഏ കച്ചുവായുടെ വരവ്. എന്നാല്‍ ഏ കച്ചുവാ എന്നത് തെറ്റായ പ്രയോഗമാണ്. ഒറ്റ യുദ്ധം എന്നര്‍ത്ഥമുള്ള ഏകച് വാര്‍ എന്ന പദമാണ് ട്രോളുകളില്‍ ഏ കച്ചുവാ എന്ന് ഉപയോഗിക്കുന്നത്. 

 ചകാന്‍ യുദ്ധത്തെക്കുറിച്ച്

ഔറഗസേബ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മറാത്താ രാജാവ് ശിവാജി അഫ്സല്‍ ഖാനെ വധിക്കുന്നത്. അഫ്സല്‍ ഖാന്റെ മരണത്തിന് പകരം ചോദിക്കുന്നതിനും ഡൈക്കാന്‍ പ്രദേശം വരുതിയില്‍ വരുത്തുന്നതിനുമായി വന്‍ പടയോടെയായിരുന്നു ഷേയ്സ്താ ഖാന്‍ എന്ന മിര്‍സ അബു താലിബ് വന്നത്. കടുത്ത പോരാട്ടത്തിന് ശേഷം ചകാന്‍, കല്യാണ്‍ , വടക്കന്‍ കൊങ്കണ്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഷേയ്സ്താ ഖാന്‍ പൂനെയില്‍ പ്രവേശിക്കുന്നതില്‍ മറാത്തികളെ അനുവദിച്ചില്ല. 1663 ഏപ്രില്‍ 5 ന് ഒരു വിവാഹ സംഘത്തിനൊപ്പം  വേഷം മാറി പൂനെയിലെത്തിയ ശിവജിയും സൈന്യവും ഷേയ്സ്താ ഖാനെ ആക്രമിക്കുകയും വിരലുകള്‍ അറുത്ത ശേഷം പൂനെയില്‍ നിന്ന് രക്ഷപെട്ടു. മുഗള്‍ സൈന്യത്തിന്റെ കനത്ത കാവലിലും നടന്ന മറാത്താ ആക്രമണത്തില്‍  ഷേയ്സ്താ ഖാന്റെ മകന്‍ കൊല്ലപ്പെട്ടിരുന്നു. പെട്ടന്നുള്ള ആക്രമണത്തെ ചെറുക്കാന്‍ സാധിക്കാതിരുന്ന ഷേയ്സ്താ ഖാനെ ഔറഗസേബ് ബംഗാളിലേക്ക് സ്ഥലം മാറ്റി. 


കനത്ത സുരക്ഷയുണ്ടായിട്ട് പോലും മുഗള്‍ ഭരണാധികാരിയെ ചെറിയ സേനയെ ഉപയോഗിച്ച് പോരാട്ടത്തിലൂടെ തോല്‍പിച്ച ശിവജിയുടെ വിജയ സ്മരണയില്‍ ഉള്ള ഗാനമാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനം.  ഈ ഗാനത്തിലെ വരികളായ ഏകച് വാര്‍, ജുനാ ബുധവാര്‍ , പേത്ത് എന്നീ പദങ്ങളാണ് വ്യാപകമായി ഇപ്പോള്‍ സജീവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പണ്ടത്തെ ആ ബുധനാഴ്ച നടന്ന യുദ്ധത്തില്‍ വിജയിച്ച സിംഹക്കുട്ടി ശിവജി എന്നാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനത്തിന്റെ സാരാംശം. 

click me!