പൊടിക്കാറ്റുകള്‍ പ്രശ്നക്കാരാണ്!

By Web DeskFirst Published May 8, 2018, 5:18 PM IST
Highlights
  • എന്താണ് പൊടിക്കാറ്റ്? അറിയേണ്ട കാര്യങ്ങള്‍!
  • നാശനഷ്ടങ്ങൾക്ക് പുറമെ ഗുരുതര രോഗഭീഷണിയും ഉണ്ടാകും ഇത്തരം പൊടിക്കാറ്റുകൾ.

കേരളത്തിന് അത്ര പരിചിതമല്ലാത്ത കാലാവസ്ഥ പ്രതിഭാസമാണ്  പൊടിക്കാറ്റ്.  കടുത്ത ചൂടിലായിരുന്ന പ്രദേശത്തേക്ക് പെട്ടെന്നെത്തിയ മഴമേഘങ്ങളും  ഇടിമിന്നലുമാണ്  ഉത്തരേന്ത്യയിൽ കാറ്റിന് കാരണമായിരിക്കുന്നത്. കെട്ടിടങ്ങൾ വാഹനങ്ങൾ ഉപകരണങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകൾക്ക് പുറമെ ഗുരുതര രോഗഭീഷണി കൂടി ഉള്ളവയാണ് ഇത്തരം പൊടിക്കാറ്റുകൾ.

ലോകാവസാനം ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങളിലെ ദൃശ്യങ്ങൾ പോലുള്ള ഇത്തരം കാറ്റുകൾ നമുക്ക് പരിചിതമല്ല. ഉത്തര ആഫ്രിക്കൻ മേഖലകളിലും , അറേബ്യ, ചൈനയിലെ ഗോബി മരുഭൂമി, സഹാറാ മരുഭൂമി എന്നിവിടങ്ങിളിലും  ഇത്തരം കാറ്റുകൾ സാധാരണമാണ്. ഉത്തരേന്ത്യയിലും പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ചില സമയങ്ങളിൽ ഇവ രൂപപ്പെടാറുണ്ട്.  വൃക്ഷങ്ങളും ചെടികളുമില്ലാത്ത വിശാല മേഖലകളിൽ എത്തുന്ന കാറ്റുകളാണ് പൊടിക്കാറ്റുകളായി  മാറുന്നത്.

വേനലിന്റെ പിടിയിലായിരുന്ന ഉത്തരേന്ത്യയിൽ എത്തിയ മഴമേഘങ്ങളും ഇടിമിന്നലുമാണ് ഇപ്പോൾ പൊടിക്കാറ്റിന് കാരണമായത്. പൊടിക്കാറ്റുകളുടെ തീവ്രത കൂടുന്നത് പലപ്പോഴും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.  കെട്ടിടങ്ങൾക്കെല്ലാം കേടുപാടുകളുണ്ടാകാം. വൈദ്യുതി വാർത്താ വിതരണ സംവിധാനങ്ങളെല്ലാം തകരാറിലാകും.  കെട്ടിടങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം.    

ഫലപുഷ്ടിയുള്ള മേൽമണ്ണ് പോകുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാക്കുന്നത്.  പൊടിക്കാറ്റുകൾ വൻ ആരോഗ്യ ഭീഷണികളും ഉയർത്തുന്നുണ്ട്.  ഉയർന്ന അളവിൽ പൊടിശ്വസിക്കുന്നത് ഡസ്റ്റ് ന്യുമോണിയ, സിലിക്കോസിസ്  തുടങ്ങിയ രോഗഭീഷണികൾ ഉയർത്തുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ശ്വാസകോശ ക്യാൻസറിലേക്ക് വരെ  ഇത്തരം അവസ്ഥകൾ മനുഷ്യനെ എത്തിക്കും. .  പൊടിക്കാറ്റ് സമയങ്ങളിൽ പുറത്തിറങ്ങുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ദോഷകരമാണ്. ഇതിനെല്ലാം പുറമെ രോഗാണുക്കളുടെ വൻശേഖരവും കൊണ്ടാകും ഇത്തരം കാറ്റുകൾ എത്തുകയെന്ന ഭീഷണിയും നിലവിലുണ്ട്. നല്ല മുൻകരുതലോടെ നേരിടേണ്ട ഒരു കാലാവസ്ഥ പ്രതിഭാസമാണ് നിലവിൽ ഉത്തരേന്ത്യയിൽ ഭീഷണി ഉയർത്തുന്ന പൊടിക്കാറ്റ്.

click me!