ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നു. കുവൈത്തിലും യുഎഇയിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. യുദ്ധഭീതിയെ തുടർന്ന് ഗൾഫിലേക്കുള്ള വ്യോമ ഗതാഗതം സ്തംഭിക്കുകയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.

ദുബായ്: ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി. ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു. അതേസമയം, അമേരിക്കയുമായി ഒരു സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.

വ്യോമ ഗതാഗതം മൂന്നാം ദിവസവും നിശ്ചലം

യുദ്ധഭീതി തുടരുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം മൂന്നാം ദിവസവും നിശ്ചലം. സംസ്ഥാനത്തെ പ്രധാന എയർപോർട്ടുകളിൽ നിന്നായി 4 സർവ്വീസുകളൊഴികെ ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവ്വീസും റദ്ദാക്കി. മസ്കറ്റ്,ഒമാൻ എന്നിവടങ്ങളിലേക്ക് മാത്രമാണ് ചുരുക്കം സർവ്വീസുകൾ നടക്കുന്നത്. കൊച്ചിയിൽ നിന്ന് ഇന്ന് മാത്രം റദ്ദാക്കിയ വിമാന സർവീസുകളുടെ എണ്ണം 44 ആയി. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 38 സർവീസുകളും റദ്ദാക്കി. ജിദ്ദയിൽ നിന്നും ഒന്നും മസ്കറ്റിൽ നിന്നുമുള്ള രണ്ട് വീതം സർവ്വീസുകളും മാത്രമാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയും സൗദി എയർലൈൻസ് സർവ്വീസ് നടത്തും. കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കും ഒമാൻ എയർവെയ്സ് സർവ്വീസുണ്ട്. എന്നാൽ മൂന്ന് ദിവസമായി 73 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മാത്രം സർവ്വീസുകൾ റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള 20 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഗൾഫിൽ നിന്ന് കരിപൂരിലേക്ക് ഉള്ള 22 സർവീസുകളും ഇന്ന് ഉണ്ടാകില്ല. റിയാദ്, മസ്കറ്റ് എന്നിവടങ്ങളിൽ നിന്ന് ഫ്ലൈ നാസ്, സലാം എയർ വിമാനങ്ങൾ മാത്രമാണ് കരിപ്പൂരിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്ത് നിന്ന് 65 വിമാന സർവ്വീസുകളാണ് മൂന്ന് ദിവസമായി മുടങ്ങിയത്. ഇന്ന് മാത്രം 20 സർവ്വീസുകൾ. മസ്കറ്റിവേക്കുള്ള ഒമാൻ എയർ മാത്രമാണ് സർവ്വീസ് നടത്തിയത്.

പരീക്ഷകൾ മാറ്റി

പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ മാറ്റി. അഞ്ചിന് നടക്കേണ്ടെ എസ്എസ്എൽസി പരീക്ഷയും 5,6,7 തിയ്യതികളിലെ ഹയർ സെക്കണ്ടറി പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. യുദ്ധം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ പരീക്ഷാ കോർഡിനേറ്ററുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം. കേരളത്തിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഗൾഫിൽ പ്രത്യേക ചോദ്യപേപ്പർ വെച്ച് പിന്നീട് പരീക്ഷ നടത്തും.