ശബരിമലയില്‍ കയറിയ സ്ത്രീകള്‍; ഒരാള്‍ ദളിത്, മറ്റേയാള്‍ ബ്രാഹ്മണ സമുദായാംഗം

Published : Jan 02, 2019, 12:57 PM IST
ശബരിമലയില്‍ കയറിയ സ്ത്രീകള്‍; ഒരാള്‍  ദളിത്,  മറ്റേയാള്‍ ബ്രാഹ്മണ സമുദായാംഗം

Synopsis

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ്. ചരിത്രത്തിലേക്ക് നടന്നു കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആരാണ്? 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ്. ചരിത്രത്തിലേക്ക് നടന്നു കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആരാണ്? 

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറയുന്നു. ഇടതുപക്ഷസഹയാത്രികയായിരുന്ന ബിന്ദു വിവാഹം കഴിച്ചിരിക്കുന്നതും തന്റെ രാഷ്ട്രീയ ജീവിത കാലഘട്ടത്തില്‍ കണ്ടുമുട്ടിയ ഹരിഹരനെയാണ്. 2010 ഓട് കൂടി ഇരുവരും പാര്‍ട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 

ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് പറഞ്ഞ് അമ്മ അമ്മിണിയും രംഗത്തെത്തിയിരുന്നു. ഇവര്‍ ശബരിമലയില്‍ പോകുന്നതിനെ എതിര്‍ക്കുന്നുവെന്നും അമ്മ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗയാകട്ടെ, ഇത്തരം ആക്ടിവിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളല്ല. 44 വയസുകാരിയായ ഇവര്‍ ബ്രാഹ്മണസമുദായത്തില്‍ ജനിച്ചതാണ്. വിശ്വാസിയും അയ്യപ്പഭക്തയുമായ കനകദുര്‍ഗ അയ്യപ്പനെ ദര്‍ശിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ ശബരിമലയിലെത്തുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല എന്നും പറയപ്പെടുന്നു. 

ഡിസംബര്‍ 24നാണ് ഇരുവരും ആദ്യം ശബരിമലയിലെത്തിയത്. എന്നാല്‍, പ്രതിഷേധം കാരണം ദര്‍ശനം നടത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 

കനക ദുര്‍ഗയുടെ വീട്ടുകാരും യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നു. തിരുവനന്തപുരത്ത് യോഗമുണ്ടെന്ന പേരിലാണ് ഇവര്‍ വീട്ടില്‍ നിന്ന് പോയതെന്നും ശബരിമല ദര്‍ശനത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മറ്റ് ബന്ധുക്കളും പറഞ്ഞു. ശബരിമലയിലെ ആചാരസംരക്ഷണമാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നായിരുന്നു ഇവരും പറഞ്ഞത്. 

'നവോത്ഥാനകേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും പരസ്പരം പരിചയപ്പെടുന്നത്. ശബരിമലയിലേക്ക് പോകാന്‍ താല്പര്യമുള്ളവരുടെ കൂട്ടത്തില്‍ ചിലര്‍ മാത്രമായിരുന്നു ഇവരും. ഒരിക്കല്‍ പരാജയപ്പെട്ടിടത്ത് നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയം കൈവരിച്ച ബിന്ദുവും കനക ദുര്‍ഗ്ഗയും നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'