
ദില്ലി: വർഷങ്ങൾക്കു ശേഷം ഇന്ത്യക്കാരിക്കു ലോകസുന്ദരിപട്ടം കൈവന്നതിന്റെ പേരിൽ രണ്ടു പേർ തമ്മിൽ പൊരിഞ്ഞ വാക്പോരാണ് നടക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറും മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയും തമ്മിലാണ് ലോകസുന്ദരി മാനുഷി ചില്ലറിന് സ്വീകരണപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്പോരിലായിരിക്കുന്നത്.
കുടുംബവും കുട്ടികളുമില്ലാത്ത ഘട്ടറിന് പെണ്മക്കളുടെ മഹത്വം അറിയില്ലെന്നും അതിനാൽതന്നെ മാനുഷിക്ക് മികച്ച സ്വീകരണമൊരുക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും ഹൂഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉടൻതന്നെ മുഖ്യമന്ത്രി ഇതിനു മറുപടി കൊടുത്തു: ""ശരിയാണ് എനിക്ക് കുടുംബമില്ല. എന്നാൽ ഹരിയാനയിലുള്ള എല്ലാ കുട്ടികളും എന്റേതാണ്. ഇവിടത്തെ എല്ലാ കുടുംബങ്ങളും എന്റേതുതന്നെ.''
എന്നാൽ, ഹൂഡ ഇതുകൊണ്ടും കലിപ്പ് അവസാനിപ്പിച്ചില്ല. മുഖ്യമന്ത്രി വാചകക്കസർത്തു മാറ്റിവച്ച് മാനുഷിക്ക് ആറു കോടി രൂപയും ഭൂമിയും സമ്മാനമായി നല്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെതന്നെ മുഖ്യമന്ത്രി ഇതിനും മറുപടി കൊടുത്തു: ""എല്ലാറ്റിനും ഇങ്ങനെ രാഷ്ട്രീയം കൊണ്ടുവരാതിരിക്കൂ... മാനുഷിയുടെ നേട്ടത്തിനു വിലയിടുന്നതും അവസാനിപ്പിക്കൂ...'' എന്തായാലും മുൻമുഖ്യനും മുഖ്യനും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ മാനുഷി തന്നെ ഇടപെടണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam