മുംബൈ പൊലീസില്‍ ആരായിരുന്നു ഹിമാന്‍ഷു റോയ് ?

Web Desk |  
Published : May 11, 2018, 07:20 PM ISTUpdated : Jun 29, 2018, 04:26 PM IST
മുംബൈ പൊലീസില്‍ ആരായിരുന്നു ഹിമാന്‍ഷു റോയ് ?

Synopsis

മഹാരാഷ്ട്ര പൊലീസിലെ ഏറ്റവും പ്രശസ്തനായിരുന്നു ഹിമാൻഷു റോയ് പ്രവർത്തനം കൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഉദ്യോഗസ്ഥന്‍ അമീഷ് ത്രിപാഠിയുടെ സഹോദരി ഭാവനയുമായി  പ്രണയം

കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ തുടങ്ങി പ്രമുഖർക്ക് രാജ്യം നൽകുന്ന ശക്തമായ സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ് സുരക്ഷ. ഇതേ ഇസെഡ് പ്ലസ് സുരക്ഷ മുംബൈ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നൽകാൻ 2014ൽ തീരുമാനിച്ചു. ചെയ്യുന്ന ജോലിയുടെ ഭാഗമായി ഇവർ നേരിടുന്ന കനത്ത സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹിമാൻഷു റോയ് ആയിരുന്നു അതിൽ ഒരു ഉദ്യോഗസ്ഥൻ.

ഹേമന്ത് കാർകറെ, വിജയ് സലസ്കർ, അശോക് കാംതെയെപ്പോലുള്ള നിരവധി ഹീറോകളുണ്ടായിരുന്നു മഹാരാഷ്ട്ര പൊലീസിൽ. നിലവിൽ മഹാരാഷ്ട്ര പൊലീസിലെ ഏറ്റവും പ്രശസ്തനായിരുന്നു ഹിമാൻഷു റോയ്. ആറടിയിലധികം പൊക്കം, ഫിറ്റ് ബോഡി. കാഴ്ചയിൽ മാത്രമായിരുന്നില്ല, പ്രവർത്തനം കൊണ്ടും ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1988 ബാച്ച് ഐപിഎസുകാരനായ ഹിമാൻഷു തീവ്രവാദവുമായും മുംബൈ അധോലകവുമായും ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, ജെഡെ വധം, പല്ലവി പുരകയസ്തയുടെ കൊലപാതകം, ഐപിഎൽ വാതുവയ്പ് കേസ് തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. മുംബൈ പൊലീസിലെ ആദ്യസൈബർ വിംഗിന് രൂപം നൽകിയതും അദ്ദേഹമാണ്.

കൊളാബയിലെ പ്രശസ്തനായിരുന്ന ഡോക്ടറുടെ മകനായി 1963 ലാണ് ഹിമാൻഷു ജനിച്ചത്. അച്ഛന്‍റെ വഴിയിൽ മെഡിക്കൽ പഠനത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും പകുതിവഴിയിൽ അത് ഉപേക്ഷിച്ചു. പിന്നീട് സിഎ പഠനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. കുറച്ചുകാലം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് സിവിൽ സർവീസ് ലക്ഷ്യം വച്ച് പഠനം തുടങ്ങിയത്. 1988ൽ ഐപിഎസ് ലഭിച്ചു. 

സിവിൽ സർവീസ് പഠനകാലത്താണ് ഭാവനയുമായി പ്രണയത്തിലായത്. എഴുത്തുകാരനായ അമീഷ് ത്രിപാഠിയുടെ സഹോദരിയായ ഭാവനയും സിവിൽ സർവീസിന് പഠിക്കുകയായിരുന്നു. ഐഎഎസ് നേടിയ ഭാവന ഹിമാൻഷുവുമായുള്ള വിവാഹശേഷം ജോലി രാജിവച്ച് ജീവകാരുണ്യ പ്രവർത്തികളിലേക്ക് തിരിയുകയായിരുന്നു.

അയോധ്യ വിഷയത്തിൽ കലുഷിതമായിരുന്ന മലേഗാവിലായിരുന്നു അദ്ദേഹത്തിന് ആദ്യം പോസ്റ്റിംഗ് ലഭിച്ചത്. സർവീസിൽ വളരെ പെട്ടെന്ന് തന്നെ ഉയർച്ചകളിലേക്ക് കയറിപ്പോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാസിക് റൂറലിലെ ഏറ്റവും പ്രയാം കുറഞ്ഞ എസ്പി, അഹമ്മദ് നഗർ എസ്പി, ഡിസിപി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വഹിച്ച പോസ്റ്റുകളിലെല്ലാം അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 

ഒടുവിൽ ഭീകരവിരുദ്ധ വിഭാഗം തലവൻ എന്ന ഏറ്റവും ശ്രദ്ദേയമായ പോസ്റ്റ്. 2016ൽ അപ്രസക്തമായ പൊലീസ് ഹൗസിംഗ് എഡിജിപി പോസ്റ്റിലേക്ക് മാറ്റിയതിൽ അദ്ദേഹം അതൃപ്തനാണെന്ന വാർത്തകൾ ഉണ്ടായിരുന്നു. അദ്ദേഹം ആരോഗ്യ അവധിയിൽ പ്രവേശിച്ചുവെന്ന വാർത്തകൾ പിന്നീട് വന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കണ്ടെത്താൻ വൈകിയതുകാരണം മോശം അവസ്ഥയിലായിരുന്നു അദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ അപ്പോഴും ആരോഗ്യത്തിലും കരിയറിലുമെല്ലാം ഇത്രയേറെ ശ്രദ്ധ വച്ചുപുലർത്തിയ ഹിമാൻഷുവിന്‍റെ പെട്ടെന്നുള്ള മരണത്തിന്‍റെ ഞെട്ടലിലാണ് സഹപ്രവർത്തകരും അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവരും.

                

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'