കേരളാ കോൺഗ്രസ് 2014-ൽ രണ്ട് സീറ്റ് ചോദിക്കാതിരുന്നതെന്ത്? കാരണം വെളിപ്പെടുത്തി ഫ്രാൻസിസ് ജോർജ്

By Web TeamFirst Published Jan 29, 2019, 9:23 PM IST
Highlights

'ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു മുന്നണിയിൽ കൂടുതൽ സീറ്റ് വേണ്ടെന്ന് ഒരു പാർട്ടി പറയുന്നത്. ഫ്രാൻസിസേ, മാണിസാറ് പറഞ്ഞിട്ടല്ലേ സീറ്റ് ചോദിക്കാതിരുന്നതെന്ന് പി സി ജോർജാണ് എന്നോട് പറഞ്ഞ‌ത്.' - ഫ്രാൻസിസ് ജോർജ് ന്യൂസ് അവറിൽ.

തിരുവനന്തപുരം: രണ്ടാം സീറ്റ് വേണ്ടെന്ന് 2014-ൽ കേരളാ കോൺഗ്രസ് നിലപാടെടുത്തത് തനിക്ക് സീറ്റ് കിട്ടാതിരിക്കാൻ വേണ്ടിയാണെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് കെ ജോർജ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് ഫ്രാൻസിസ് ജോർജിന്‍റെ പരാമർശം. അന്ന് ആർഎസ്‍പി മുന്നണിയിലേക്ക് വന്നപ്പോൾ, പിറ്റേന്ന് തന്നെ എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുത്തു. പുതിയ ഒരാൾക്ക് അപ്പോൾത്തന്നെ സീറ്റ് കൊടുത്ത യുഡിഎഫ്, കേരളാ കോൺഗ്രസ് സീറ്റ് ചോദിച്ചാലും കൊടുക്കുമായിരുന്നെന്നും ഫ്രാൻസിസ് കെ ജോർജ് പറഞ്ഞു.

മൂന്ന് സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ നിൽക്കുന്നതെന്നോർക്കണമെന്ന് ഫ്രാൻസിസ് ജോർജ് പറയുന്നു. 'സീറ്റ് കിട്ടാൻ അന്ന് കേരളാ കോൺഗ്രസിന് എല്ലാ സാഹചര്യവുമുണ്ടായിരുന്നു. സീറ്റ് കിട്ടേണ്ട സമയത്ത് വേണ്ട സീറ്റ് ചോദിച്ച് മേടിക്കുന്നതിന് പകരം അത് വേണ്ടെന്ന് പറയുകയായിരുന്നു കേരളാ കോൺഗ്രസ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു മുന്നണിയിൽ നിന്ന് കൂടുതൽ സീറ്റ് വേണ്ടെന്ന് ഒരു പാർട്ടി പറയുന്നത്' - ഫ്രാൻസിസ് ജോർജ് പരിഹസിച്ചു.

Read More: മാണിയോട് ഇടഞ്ഞ് പി ജെ ജോസഫ്; കേരളാ കോൺഗ്രസ് വീണ്ടും പിളരുമോ?

തനിക്ക് സീറ്റ് കിട്ടരുതെന്ന് കരുതിയാണ് സീറ്റ് ചോദിക്കേണ്ടെന്ന് കെ എം മാണി പി സി ജോർജിനെ ഏൽപിച്ചതെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ഇത് തന്നോട് പറഞ്ഞത് പി സി ജോർജ് തന്നെയാണ്. 'എന്‍റെ ഫ്രാൻസിസേ, മാണിസാറ് പറഞ്ഞിട്ടാണ് ഒറ്റ സീറ്റ് മാത്രം മതി, രണ്ട് സീറ്റ് വേണ്ടെന്ന് ഞാൻ പറഞ്ഞത്' - എന്നാണ് പി സി പറഞ്ഞതെന്നും ഫ്രാൻസിസ് ജോർജ് പറയുന്നു.

ഫ്രാൻസിസ് ജോർജിന്‍റെ പരാമർശവും അതിന് സ്റ്റീഫൻ ജോർജിന്‍റെ മറുപടിയും - വീഡിയോ താഴെ:

 "

click me!