
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച യുവതിയ്ക്ക് വേണ്ട പരിചരണം ലഭിച്ചില്ല, ഭര്‍ത്താവ് ആരോഗ്യവകുപ്പ് മന്ത്രിയോട് ഫോണില്‍ പരാതിപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പാറലില്‍ വീട്ടില്‍ എ.അനസാണ് പരാതിപ്പെട്ടത്. അനസിന്റെ ഭാര്യ നജിതയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്.
ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഇതിനായി എബി നെഗറ്റീവ് രക്തം കരുതണമെന്നും അനസിനെ അറിയിച്ചു. ഉടന്‍ ബ്ലഡ് ബാങ്കില്‍ എത്തിയെങ്കിലും ഈ ഗ്രൂപ്പില്‍പ്പെട്ട രക്തം സ്റ്റോക്കില്ലെന്നായിരുന്നു പറഞ്ഞത്. ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെയും റോഡ് സേഫ്റ്റി അഥോറിറ്റിയുടെയും പ്രവര്‍ത്തകനാണെന്നും നിരവധി തവണ ഇവിടെ രക്തം ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.
ഒടുവില്‍ സൂപ്രണ്ടുമായി സംസാരിക്കാമെന്ന് പുറഞ്ഞിറങ്ങിയ അനസിനോട് സൂപ്രണ്ടിന്റെ രക്തം എബി നെഗറ്റീവ് അല്ലെന്ന് പറഞ്ഞ് തന്നെ അവഹേളിക്കുകയായിരുന്നെന്ന് അനസ് പറഞ്ഞു. പിന്നീട് ഇതേ ഗ്രൂപ്പില്‍പ്പെട്ട രക്തദാതാക്കളെ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും നജിതയുടെ സുഖപ്രസവം കഴിഞ്ഞിരുന്നു. എന്നാല്‍ നജിതയ്ക്ക് രക്തസമ്മര്‍ദ്ദം കുറയാതിരുന്നതിനാല്‍ അടിയന്തിരമായി ഒരു മരുന്ന് ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രിയില്‍ ഈ മരുന്ന് സൗജന്യമായി ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു. പിന്നീട് ആശുപത്രിയിലെ വിവിധയിടങ്ങളിലെ മൂന്നോളം കൗണ്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് പലരുടെയും ഒപ്പും സീലും തരപ്പെടുത്തി സ്റ്റോറിലെത്തിയപ്പോള്‍ മരുന്ന് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് പുറത്തെ മെഡിക്കല്‍ ഷോപ്പില്‍ അന്വേഷിച്ച് ഒരു രൂപ മാത്രം വിലയുള്ള മരുന്ന് എത്തിച്ചു നല്‍കി.
എന്നാല്‍ നജിതയുടെ രക്തസമ്മര്‍ദ്ദത്തിന് മാറ്റമുണ്ടായില്ല. ഈ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് അനസ് ആവശ്യപ്പെട്ടു. ഈ വിവരം രാവിലെ അറിയിച്ചിരുന്നെങ്കിലും വൈകിട്ട് നാലിന് ശേഷവും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ട നടപടി ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് അനസ് മന്ത്രിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് മന്ത്രി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് അനസിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കണമെന്ന് അറിയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam