ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്

By Web DeskFirst Published Aug 26, 2017, 2:00 PM IST
Highlights

ദില്ലി: ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ചോര്‍ത്തിയെന്ന സംശയവുമായി വിക്കിലീക്‌സ്. എക്‌സ്‌പ്രസ് ലൈന്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നതായാണ് വിക്കീലീക്‌സ് ട്വീറ്റ് ചെയ്തത്.സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിക്ക് തൊട്ടു പിന്നാലെയാണ് രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടന ചോര്‍ത്തിയെന്ന സംശയവുമായി വിക്കി ലീക്‌സ് എത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സിഐഎ വിഭാഗമായ ഒടിഎസ്, അമേരിക്കന്‍ ബയോമെട്രിക് സോഫ്റ്റ്വെയര്‍ കമ്പനിയായ ക്രോസ് മാച്ചിന്റെ സഹായത്തോടെ ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിക്കിലീക്‌സ് ട്വീറ്റ് ചെയ്തത്. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ക്രോസ്മാച്ചിന്‍റെ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. വിരലടയാളം എടുക്കുന്ന ഗാര്‍ഡിയന്‍, കൃഷ്ണമണി പകര്‍ത്തുന്ന ഐ സ്കാന്‍ എന്നീ ക്രോസ് മാച്ച് ഉപകരണങ്ങളായിരുന്നു അവ.

RELEASE: CIA 'Express Lane' system for stealing the biometric databases of its 'partner' agencies around the world. https://t.co/8FefOS2Ljl pic.twitter.com/LPwlAd0Tgr

— WikiLeaks (@wikileaks) August 24, 2017

ഇതുവഴിയാകാം ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതെന്ന് വിക്കീലീക്‌സ് പറയുന്നു. എന്നാല്‍ വിക്കിലീക്‌സിന്‍റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്നും ഒരു മാഗസിനില്‍ വന്ന ലേഖനത്തെക്കുറിച്ചുള്ള ട്വീറ്റ് മാത്രമാണിതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രഹസ്യ കോഡുപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ആധാര്‍ സെര്‍വറിലേക്കു മാറ്റുന്ന രീതിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ഇതിനാല്‍ മറ്റൊരു ഏജന്‍സിക്ക് വിവരങ്ങള്‍ ചോര്‍ത്താനാവില്ലെന്നും ഇവര്‍ പറയുന്നു.

ആധാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

 

click me!