സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവ്; മനുഷ്യത്വ വിരുദ്ധ മുഖം വെളിപ്പെട്ടെന്ന് പിണറായി

By Web DeskFirst Published Aug 26, 2017, 1:11 PM IST
Highlights

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിച്ച ബിജെപി പാര്‍ലമെന്റംഗം സാക്ഷി മഹാരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് സാക്ഷി മഹാരാജിലൂടെ വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് 'ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നു'മാണ് ബി ജെ പി പാര്‍ലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്.

കോടതി വിധി വന്നയുടന്‍ ആരംഭിച്ച അക്രമ സംഭവങ്ങള്‍ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി ജെപി നേതാവിന്റെ പ്രതികരണം വന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ്. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനല്‍ കുറ്റമാണ്. 

ഗോഡ്‌സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകള്‍ നടത്തുകയും അനേകം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാന്‍ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബിജെപി-ആര്‍ എസ് എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നല്‍കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
 

click me!