
തൃശൂര്‍: കാലവര്‍ഷം കനത്ത് കാട് പച്ചപ്പണിഞ്ഞിട്ടും കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തന്നെ. കൊടകര കാരിക്കടവ് ചൊക്കന എസ്റ്റേറ്റിലാണ് വീണ്ടും കാട്ടാനയിറങ്ങിയത്. വാഴയും ഫലവൃക്ഷങ്ങളും കുത്തിമറിച്ചിട്ട് ആവശ്യത്തിന് വിശപ്പടക്കിയായിരുന്നു മടക്കം. എസ്റ്റേറ്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് സമീപത്തും കാട്ടാനയെത്തിയതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലുണ്ടായിരുന്ന വാഴകളും കടപ്ലാവും മറിച്ചിട്ട കാട്ടാനകള്‍ ഏറെ സമയം ഇവിടെ ചുറ്റിതിരിഞ്ഞ ശേഷം സമീപത്തുള്ള വില്ലുകുന്ന് മലയിലേക്ക് കയറിപോയത്.
തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കടുത്തും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപവും കാട്ടാനകളെത്തുന്നത് ഇത് ആദ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ട് ആനകളെയാണ് രാത്രി 12 മണിക്കു ശേഷം ക്വാര്‍ട്ടേഴ്‌സുകള്‍ക്കു സമീപം കണ്ടെതെന്ന് എസ്റ്റേറ്റിലെ അസി.ഫീല്‍ഡ് ഓഫീസര്‍ ഷിബു പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി എസ്റ്റേറ്റില്‍ പതിവായി കാട്ടാകളിറങ്ങുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണെന്ന് തൊഴിലാളിയായ ഹരിദാസും സൂചിപ്പിച്ചു. രണ്ട് കൊമ്പനും ഒരു മോഴയുമടക്കം മൂന്ന് ആനകളാണ് പതിവായി എസ്റ്റേറ്റിലും പരിസരത്തും എത്തുന്നത്. കാട്ടാന ശല്യം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam