ലോഡ്ഷെഡിംഗ് ഒഴിവാക്കാൻ വൈദ്യുതി വാങ്ങും: എംഎം മണി

By Web DeskFirst Published Nov 27, 2016, 7:34 AM IST
Highlights

ഇടുക്കി: വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നും എം.എം മണി പറഞ്ഞു.ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് സംസ്ഥാനത്തെ പ്രധാന വൈദ്യുതി നിലയമായ മൂലമറ്റത്തെ പെന്‍സ്റ്റോക്ക് പൈപ്പിനുള്ളില്‍ ചോര്‍ച്ച കണ്ടത്.

ചോര്‍ച്ച പരിഹരിക്കുന്നത് വരെ വൈദ്യുതോല്‍പ്പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. തുടര്‍ന്നാണ് നിജസ്ഥിതി പരിശോധിക്കാന്‍ മന്ത്രി എം.എം മണി മൂലമറ്റത്തെത്തിയത്. മന്ത്രിയായതിന് ശേഷം ഇടുക്കിയിലെ എം.എം മണിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കൂടിയാണ് മൂലമറ്റത്തേത്.

click me!