കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ നടപടി വരുമെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ നേതൃത്വം

By Web TeamFirst Published Feb 22, 2019, 5:56 PM IST
Highlights

രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാ‍ർട്ടിയിൽ ശക്തമാണ്. കഴിഞ്ഞ ആഴ്ച ചേ‍ർന്ന ജില്ലാ സെക്രട്ടേറിയറ്റും രാജേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജില്ലാ കമ്മിറ്റി ചേർന്ന് തീരുമാനിക്കും.

തൊടുപുഴ: ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി ചേർന്ന് തുടർ നടപടി തീരുമാനിക്കുമെന്ന് കെ കെ ജയചന്ദ്രൻ തൊടുപുഴയിൽ പറഞ്ഞു.

ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ പാർട്ടി പരസ്യമായി ശാസിച്ചേക്കുമെന്നാണ് സൂചന. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാ‍ർട്ടിയിൽ ശക്തമാണ്. കഴിഞ്ഞ ആഴ്ച ചേ‍ർന്ന ജില്ലാ സെക്രട്ടേറിയറ്റും രാജേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജില്ലാ കമ്മിറ്റി ചേർന്ന് തീരുമാനിക്കും.

കഴിഞ്ഞ എട്ടിന് മൂന്നാറിൽ വച്ചാണ് ദേവികുളം സബ്കളക്ടറെ എസ് രാജേന്ദ്രൻ അധിക്ഷേപിച്ചത്. മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം നിർത്തി വയ്പ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎൽഎ, സബ്കളക്ടർ രേണു രാജിനെ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയ സബ്കളക്ടർ ഹൈക്കോടതിയെ സമീപിച്ച് അനധികൃത നിർമാണത്തിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഹൈറേഞ്ചിൽ പാ‍ർട്ടിയ്ക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാൻ നടപടി ശാസനയിൽ ഒതുക്കരുതെന്നുള്ള ആവശ്യയും പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ട്.

click me!