ആപ്പിളിന് തിളക്കമേകാന്‍ മെഴുക്; ഉപഭോക്തൃ കോടതിയില്‍ പരാതിക്കൊരുങ്ങി നാട്ടുകാര്‍

By Web DeskFirst Published Apr 4, 2018, 7:13 PM IST
Highlights
  • ആരോഗ്യത്തിന് ദോഷകരമായി കണ്ടെത്തിയ ആപ്പിളുകളെക്കുറിച്ച് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

ഇടുക്കി : ആപ്പിളിന് തിളക്കമേകാന്‍ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന കൃത്രിമമാര്‍ഗ്ഗങ്ങള്‍. ആപ്പിളിന്റെ പുറത്ത്  മിനുസമേറ്റാനാണ് മെഴുക് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ കടും ചുവപ്പ് നിറത്തിന് പുറമേ മെഴുകും കൂടി ചേരുമ്പോള്‍ കാഴ്ചയ്ക്ക് മനോഹരമായിത്തീരുന്നു. ഈ നിറം കാണുമ്പോള്‍ ആരും വാങ്ങിപ്പോകുകയും ചെയ്യും. ആപ്പിള്‍ വാങ്ങിയ മൂന്നാര്‍ ടൗണിലുള്ള വ്യാപാരിയ്ക്കാണ് അപകടം പറ്റിയത്. 

ആപ്പിളിന്റെ പുറന്തോടില്‍ നിന്ന് വെളുത്ത നിറത്തില്‍ എന്തോ അടര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കത്തി ഉപയോഗിച്ച് ചുരണ്ടി നോക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ മെഴുക് ഉപയോഗിച്ചത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ മെഴുക് ചുരണ്ടിയെടുത്തതോടെ കച്ചവടക്കാരോട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. 

ആരോഗ്യത്തിന് ദോഷകരമായി കണ്ടെത്തിയ ആപ്പിളുകളെക്കുറിച്ച് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ദഹനപ്രക്രിയയ്ക്കും ആമാശയത്തിനും ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന മെഴുകിന്റെ ഉപയോഗം ഭക്ഷണത്തില്‍ നിരോധിച്ചിരിക്കെയാണ് ആപ്പിളില്‍ വ്യാപകമായി മെഴുക് ഉപയോഗിച്ചിരിക്കുന്നത്. ഒരു കിലോയ്ക്ക് 150 രൂപ വരെയാണ് ആപ്പിളിന്റെ വില. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളാണ് ഇത്തരത്തിലുള്ള ആപ്പിള്‍ ഏറെയും വാങ്ങുന്നത്.
 

click me!