ദില്ലി തോൽവി: കോൺഗ്രസിൽ പൊട്ടിത്തെറി

By Web DeskFirst Published Apr 26, 2017, 11:45 AM IST
Highlights

ദില്ലി: മുനസിപ്പൽ കോർപ്പറേഷനിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് അജയ്മാക്കനും ദില്ലിയുടെ ചുമതലയിൽ നിന്ന് പി സി ചാക്കോയും രാജിവച്ചു. ശക്തമായ പ്രചാരണം നടന്നില്ലെന്ന് ഷീലാദീക്ഷിത് ആരോപിച്ചു. അതേസമയം ദില്ലിയിലും വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും പുറകിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ്മാക്കൻ രാജി പ്രഖ്യാപിച്ചത്. അതിവൈകാരികമായായിരുന്നു അജയ്മാക്കന്‍റെ പ്രതികരണം. എന്തുകൊണ്ടാണ് ആളുകൾ കോൺഗ്രസ് വിട്ടുപോകുന്നതെന്ന് അജയ്മാക്കൻ ചോദിച്ചു.

ശക്തമായ വിമർശനവുമായി ഷീല ദീക്ഷിതും രംഗത്തെത്തി. നന്നായി പ്രചാരണം നടന്നിരുന്നെങ്കിൽ ഇത്ര കനത്ത പരാജയം സംഭവിക്കില്ലായിരുന്നെന്ന് ഷീലാ ദീക്ഷിത് വിമർശിച്ചു. ആം ആദ്മി പാർട്ടിയിലേക്ക് വോട്ടുകൾ ഭിന്നിച്ചതാണ് പരാജയത്തിന് കാരണമെന്ന് ദില്ലിയുടെ ചുതലയുള്ള നേതാവ് പിസി ചാക്കോ പറഞ്ഞു.

അതേസമയം മുൻസിപ്പൽ കോർപ്പറേഷനിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതികരണം. ദില്ലിയിലേത് മോദി തരംഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞു.

വോട്ടിംഗ് ന്ത്രത്തിൽ തിരിമറി സംഭവിച്ചെന്ന ആരോപണം ആം ആദ്മി പാർട്ടി ആവർത്തിച്ചു. മോദി തരംഗമല്ല വോട്ടിംഗ് യന്ത്രത്തിന്റ തരംഗമാണ് ദില്ലിയിലേതെന്ന് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് പറഞ്ഞു.

 

click me!