സർക്കാരിന് വേണ്ടി ബാങ്കിന്റെ ചണ്ഡീഗഢ് ബ്രാഞ്ചിൽ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളിൽ ആണ് ബാങ്ക് ജീവനക്കാർ തിരിമറി നടത്തിയതെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വിശദമാക്കുന്നത്

മുംബൈ: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി കണ്ടെത്തി. സർക്കാരിന് വേണ്ടി ബാങ്കിന്റെ ചണ്ഡീഗഢ് ബ്രാഞ്ചിൽ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളിൽ ആണ് ബാങ്ക് ജീവനക്കാർ തിരിമറി നടത്തിയതെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വിശദമാക്കുന്നത്. സംഭവത്തിൽ നാല് ജീവനക്കാരെ ബാങ്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.സ്വകാര്യ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ റദ്ദാക്കാൻ ഹരിയാന സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് ഫെബ്രുവരി 18ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്ത് വന്നത്. തിരിമറി ശ്രദ്ധയിൽ വന്നതോടെ ബാങ്ക് പൊലീസിൽ പരാതി നൽകുകയും റെഗുലേറ്റർമാരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഫെബ്രുവരി 21-ന് അടിയന്തരമായി ചേർന്ന ബാങ്ക് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയുമായിരുന്നു.

തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഏജൻസിയെ ഫോറൻസിക് ഓഡിറ്റിനായി നിയോഗിക്കാനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംശയാസ്പദമായ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാൻ ബന്ധപ്പെട്ട മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സെബിയുടെ നിബന്ധനകൾ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും ബാങ്ക് ഈ വിവരം അറിയിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, ചണ്ഡീഗഢ് ബ്രാഞ്ചിലെ ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ടുകളിൽ മാത്രമാണ് ഈ പ്രശ്നം ഒതുങ്ങിനിൽക്കുന്നതെന്നും മറ്റ് ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി.

ഏകദേശം 590 കോടി രൂപയുടെ കുറവാണ് അക്കൗണ്ടുകളിൽ കാണപ്പെടുന്നത്. ബാങ്കിനുണ്ടാകുന്ന യഥാർത്ഥ നഷ്ടം എത്രയാണെന്നത് നിയമനടപടികൾക്കും മറ്റ് ബാങ്കുകളിൽ നിന്നുള്ള പണം തിരിച്ചുപിടിക്കലിനും ശേഷമേ വ്യക്തമാകൂ.സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനും പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റാനും ഹരിയാന സർക്കാർ എല്ലാ വകുപ്പുകൾക്കും ബോർഡുകൾക്കും സർവ്വകലാശാലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുന്നതിന് ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം