ഫുട്ബോള്‍ ടൂര്‍ണമെന്റിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കി; പ്രതികള്‍ പിടിയില്‍

By Afsal EFirst Published Dec 21, 2018, 1:53 AM IST
Highlights

വേങ്ങര കാരാത്തോട് സ്വദേശികളായ കബീര്‍, ഭരതന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. കാരാത്തോട് സ്വദേശിയായ ഫാജിദിനെയാണ് ഇവര്‍ കേസില്‍ കുടുക്കിയത്. ജൂണ്‍ 22നായിരുന്നു സംഭവം. 

മലപ്പുറം: വേങ്ങരയില്‍, വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റില്‍. ഫുട്ബോള്‍ ടൂര്‍ണമെന്റിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സംഭവത്തിന് അടിസ്ഥാനം.

വേങ്ങര കാരാത്തോട് സ്വദേശികളായ കബീര്‍, ഭരതന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. കാരാത്തോട് സ്വദേശിയായ ഫാജിദിനെയാണ് ഇവര്‍ കേസില്‍ കുടുക്കിയത്. ജൂണ്‍ 22നായിരുന്നു സംഭവം. കാരാത്തോട് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ പ്രസിഡന്റ് കൂടിയായ ഫാജിദിന്റെ  ഓട്ടോറിക്ഷയില്‍ ഇപ്പോള്‍ പിടിയിലായവര്‍ രണ്ടര കിലോ ക‌ഞ്ചാവ് വെച്ചു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു. രാത്രി ഒന്നരയോടെ ഓട്ടോറിക്ഷയുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഫാജിദിനെ വേങ്ങര പൊലീസ് പിടികൂടി. റിമാന്റിലായ ഫാജിദ് ഏഴ് ദിവസം ജയിലിലും കിടന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുത വെളിപ്പെടുന്നത്. യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ സെവന്‍സ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതിയില്‍നിന്ന് കാരാത്തോട് സ്വദേശിയായ അബു താഹിര്‍ എന്നയാളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലണ് അബു താഹിറും ഇപ്പോള്‍ പിടിയിലായവരും ചേര്‍ന്ന് ഫാജിദിനെ കഞ്ചാവ് കേസില്‍ കുടുക്കിയത്. അബു താഹിര്‍ ഒളിവിലാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

click me!