
പത്തനംതിട്ട: സന്നിധാനത്ത് ഭക്തരെത്തിത്തുടങ്ങിയപ്പോൾ, സ്ത്രീകളായ ഒരു തീർഥാടകരെപ്പോലും കയറ്റിവിടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. സമരം സമാധാനപരമായി നടക്കുന്നുവെന്നാണ് സമരക്കാരുടെ നിലപാട്. എന്നാൽ പത്തനംതിട്ടയിൽ സ്ഥിതി സംഘർഷത്തിലേയ്ക്ക് നീങ്ങുകയാണ്. പത്തനംതിട്ട ബസ് സ്റ്റാൻഡിലും, മല കയറ്റം തുടങ്ങുന്ന ഗാർഡ് റൂമിന് മുന്നിലും വനിതാ ഉദ്യോഗസ്ഥരെയും സ്ത്രീ തീർഥാടകരെയും സമരക്കാരും നാട്ടുകാരും തടയുകയാണ്.
പൊലീസ് സംരക്ഷണത്തിലെത്തിയ ഒരു സംഘം സ്ത്രീ തീർഥാടകരെയും സമരക്കാർ പത്തനംതിട്ട സ്റ്റാൻഡിൽ വച്ച് തടഞ്ഞു. പാന്‍റ് ധരിച്ചെന്ന പേരിൽ ചേർത്തല സ്വദേശിനി ലിബിയെ നാട്ടുകാർ സ്റ്റാൻഡിൽ വച്ച് തടഞ്ഞു. മല കയറാൻ വന്നതാണെന്നും തനിയ്ക്ക് കൂടെ ആരുമില്ലെന്നും ലിബി പറയുന്നുണ്ടായിരുന്നു. വിശ്വാസിയാണെന്നും വ്രതമെടുത്താണ് വന്നതെന്നും ലിബി പറയാൻ ശ്രമിച്ചു. ഇതൊന്നും കേൾക്കാതെ ലിബിയെ സ്ത്രീകളടക്കമുള്ളവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് പൊലീസെത്തി ലിബിയെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
എന്നാൽ സുപ്രീംകോടതി ഉത്തരവിന്‍റെ പിൻബലത്തിലാണ് വന്നതെന്നും, ക്ഷേത്രദർശനത്തിൽ നിന്ന് പിൻമാറില്ലെന്നും ലിബി വ്യക്തമാക്കി.
സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറെയും സമരക്കാർ ഗാർഡ് റൂമിന് മുന്നിൽ തടഞ്ഞു. പ്രായവും ജനനത്തീയതിയും ഐഡി കാർഡും അടക്കം ചോദിച്ചാണ് രാഹുൽ ഈശ്വറിന്‍റെ നേതൃത്വത്തിൽ പുരുഷൻമാരടക്കമുള്ള സമരക്കാർ തടഞ്ഞതെന്ന് ആരോഗ്യവകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.റീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥരെയും തടഞ്ഞു. ഒടുവിൽ ഗാർഡ് റൂമിൽ പ്രായം എഴുതിനൽകിയ ശേഷമാണ് മല കയറാനായതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam