വിവാഹമോചനത്തിന് ശേഷവും മുന്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കാം

By Web DeskFirst Published May 12, 2018, 10:12 PM IST
Highlights
  • മുന്‍ ഭര്‍ത്താവിന്‍റെ പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് ശേഷവും പരാതി നല്‍കാമെന്ന് സുപ്രീം കോടതി

ദില്ലി: മുന്‍ ഭര്‍ത്താവിന്‍റെ പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് ശേഷവും പരാതി നല്‍കാമെന്ന് സുപ്രീം കോടതി. വിവാഹ മോചനത്തിന് ശേഷവും ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് കൊടുക്കാമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 

വിവാഹബന്ധം നിലനില്‍ക്കുന്നില്ല എന്ന കാരണത്താല്‍ ഗാര്‍ഹിക പീഡനത്തിനെതിരായ പരാതികളില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. രാജസ്ഥാന്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. 

വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കാന്‍ അനുവദിച്ചാല്‍ നിയമം ദുരുപയോഗപ്പെടുമെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.

click me!