ആര്‍ത്തവ അശുദ്ധി; വീട്ടില്‍നിന്ന് പുറത്താക്കിയ യുവതി തണുപ്പ് സഹിക്കാനാകാതെ മരിച്ചു

By Web deskFirst Published Jan 13, 2018, 2:51 PM IST
Highlights

ആര്‍ത്തവസമയത്ത് വീടിന് പുറത്തെ മഞ്ഞും മഴയുമടിയ്ക്കുന്ന ഷെഡ്ഡില്‍ താമസിക്കേണ്ടി വന്ന യുവതി തണുപ്പ് സഹിക്കാനാകാതെ മരിച്ചു.  നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് ആചാരങ്ങളുടെ പേരില്‍ 21കാരി ക്രൂരമായ മരണത്തിന് ഇരയായത്. തണുപ്പ് അകറ്റാന്‍ തീ കൂട്ടിയതുമൂലമുണ്ടായ പുക ശ്വസിച്ചതും അതിശൈത്യവുമാണ് മരണത്തിന് കാരണമെന്ന് സര്‍ക്കാര്‍ വക്താവ് ബഹദൂര്‍ കൗച്ച പറഞ്ഞു.

ഈ പ്രദേശത്തെ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പകരം വീടിന് അകലെയുള്ള നേരെ ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും സൗകര്യമില്ലാത്ത ഷെഡ്ഡുകളിലാണ് ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്നത്. തണുപ്പ് പൂജ്യത്തിനും താഴെയാകുന്ന അതിശൈത്യ കാലത്തുപോലും ഇവരോട് യാതൊരു ദയയും കാണിക്കാറില്ല.

ആര്‍ത്തവമുള്ള സ്ത്രീ വീട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ദൈവം കോപിക്കുമെന്ന വിശ്വാസ പ്രകാരം സ്ത്രീകളോട് ഈ ക്രൂരത തുടരുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ പുറത്തിരുത്തുന്നത് സുപ്രീംകോടതി നിരോധിച്ചതാണെങ്കിലും നേപ്പാളിലെ പല ഗ്രാമങ്ങളില്‍ ഇൗ ആചാരം ഇന്നും തുടരുന്നുണ്ടെന്ന് ബഹദൂര്‍ കൗച്ച വ്യക്തമാക്കി. 

സ്ത്രീകളോടുള്ള ഈ വിവേചനത്തിന് മൂന്ന് മാസം തടവും 3000 നേപ്പാള്‍ രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. എന്നാല്‍ നിയമം വന്നിട്ടും ഈ ആചാരത്തിന് മാറ്റമുണ്ടായിട്ടില്ല.  

ഈ കുടിലുകളില്‍ തണുപ്പിനെ അതിജീവിക്കാനോ, മൃഗങ്ങളില്‍നിന്ന് രക്ഷ നേടാനോ വേണ്ട സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. വാതിലുകള്‍ പോലുമില്ലാത്ത പൊളിഞ്ഞ് വീണേക്കാവുന്ന ഷെഡ്ഡുകളാണ് ആര്‍ത്തവ ദിനങ്ങളിലെ ഇവരുടെ അഭയ കേന്ദ്രങ്ങള്‍. മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ ഒന്ന് വിളിച്ച് നിലവിളിച്ചാല്‍ പോലും രക്ഷയ്ക്കായി ആരും ഓടിയെത്തണമെന്നില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

ആര്‍ത്തവ സമയത്ത് പുറത്താക്കുന്നതുവഴി നിരവധി മരണങ്ങള്‍ ഇവിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2016 നവംബറില്‍ നാല് രാത്രികള്‍ ഒറ്റയ്ക്ക് പുറത്ത് കഴിയേണ്ടി വന്നതോടെ ദമ്പാര ഉപാധ്യായ് എന്ന 21 കാരി മരിച്ചിരുന്നു. മൂക്കില്‍നിന്ന് രക്തം വന്ന് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃഗങ്ങളുടെ ആക്രമണം കൊണ്ടും സ്ത്രീകള്‍ മരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
 

Photo courtesy : Reuters

click me!