കേരള-മാഹി തീരത്ത് 'സാഗർ കവചം' എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് തുടങ്ങിയ വിവിധ ഏജൻസികൾ പങ്കെടുത്ത ഈ അഭ്യാസം, കടൽമാർഗ്ഗമുള്ള വെല്ലുവിളികളെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തി.
കൊച്ചി: കടൽമാർഗ്ഗമുള്ള വെല്ലുവിളികളെയും അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാനുള്ള സജ്ജീകരണം വിലയിരുത്തുന്നതിനായി കേരള തീരത്തും മാഹി കേന്ദ്രഭരണ പ്രദേശത്തുമായി 'സാഗർ കവചം' എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവയുടെ പെട്രോൾ ബോട്ടുകളും ഈ അഭ്യാസത്തിൽ ഭാഗമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കേരള-മാഹി തീരത്ത് അഭ്യാസം നടത്തിയതെന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് നിന്ന് അറിയിച്ചു.
ദക്ഷിണ തീരദേശ സുരക്ഷാ കമാൻഡർ കൂടിയായ സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ മേൽനോട്ടത്തിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്. കടലിലെ ബഹുതല സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, തുറമുഖങ്ങളുടെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെയും സുരക്ഷാ ഘടന പരിശോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കരുത്ത് ഉറപ്പുവരുത്താനുമാണ് മുൻഗണന നൽകിയത്. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും വിമാനങ്ങൾ ഉപയോഗിച്ച് ആകാശമാർഗ്ഗം നിരീക്ഷണവും നടത്തി.
തീരദേശ സുരക്ഷ എന്നത് എല്ലാ ഏജൻസികളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശത്തോടെയാണ് ഈ അഭ്യാസം നടന്നത്. സുരക്ഷാ ഏജൻസികളുടെ 'കണ്ണും കാതുമായി' വർത്തിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്കിന് ഈ പരിശീലനത്തിൽ വലിയ പ്രാധാന്യം നൽകി. തീരദേശ സുരക്ഷാ പ്രവർത്തനങ്ങളുടെ നോഡൽ കേന്ദ്രമായ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്റർ വഴിയാണ് എല്ലാ ഏജൻസികളുടെയും നീക്കങ്ങൾ ഏകോപിപ്പിച്ചത്.


