
തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയിലെ പെണ്‍കൂട്ടായ്മ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ്മ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം.
സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ അവര്‍ മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam