
തിരുവനന്തപുരം: യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ബാലാല്‍സംഗം ചെയ്‌തവരുടെ പേരുവിവരങ്ങള്‍ യുവതി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതില്‍ ഒരു പ്രമുഖ രാഷ്‌ട്രീയകക്ഷിയുടെ പ്രാദേശിക നേതാവ് ഉള്‍പ്പെടുന്നതായും ഭാഗ്യലക്ഷ്‌മി കഴിഞ്ഞദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തയതോടെയാണ് സംഭവം വിവാദമായത്. 2014ലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. 2016ലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണവും യുവതി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. യുവതി പരാതി പിന്‍വലിച്ചത് പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണ്. പൊലീസ് യുവതിയെ അപമാനിച്ചുവെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
രണ്ടുവര്‍ഷം മുമ്പാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. തൃശൂര്‍ മുളങ്കുന്നത്ത് കാവിന് സമീപമായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞു സുഹൃത്തുക്കളായ നാലുപേര്‍ യുവതിയെ കാറില്‍കയറ്റി കൊണ്ടുപോകുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍കോളേജിന് സമീപത്ത് ആളൊഴിഞ്ഞ വീട്ടില്‍വെച്ചാണ് നാലുപേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. ബലാല്‍സംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് സംഭവം പുറത്തുപറയുരുതെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീട്ടില്‍ക്കൊണ്ടുവിടുകയായിരുന്നു. ഈ കേസ് പിന്നീട് സമ്മര്‍ദ്ദത്താല്‍ യുവതി പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞദിവസം യുവതിയും ഭര്‍ത്താവുംചേര്‍ന്ന് ഭാഗ്യലക്ഷ്മിയെ കണ്ട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീണ്ടും വിവാദമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam