
ലാഹോര്‍: മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. എട്ട് വർഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് ആസിയ ബീബിയുടെ വധശിക്ഷ കോടതി റദ്ദാക്കിയത്. അവിശ്വസനീയമെന്നാണ് അവർ കോടതി വിധിയോട് പ്രതികരിച്ചത്.
സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കണ്ടെത്തിയ പാകിസ്ഥാൻ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ ആസിയ നൽകിയ അപ്പീൽ അംഗീകരിക്കുകയായിരുന്നു.
ആസിയയ്ക്കെതിരായ കുറ്റങ്ങളിൽ ഭൂരിഭാഗവും അവരുടെ മതവുമായി ബന്ധപ്പെടുത്തി കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി. രാജ്യത്ത് മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും അനുവദിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
നേരത്തെ ആസിയ ബീബിയെ പിന്തുണച്ച രണ്ട് രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ പ്രവാചകനെ അപമാനിക്കുന്ന കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് ശിക്ഷ. ഈ നിയമം ന്യൂനപക്ഷങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ഉപയോഗിക്കുന്നതായി രാജ്യാന്തരതലത്തിൽ വിമർശനമുയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam