
ചേര്‍ത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയമായ അന്വേഷണത്തിന് മറ്റൊരു സ്‌പെഷല്‍ ടീമിനെ കൂടി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. തിരോധാനം സംബന്ധിച്ച് നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെയും വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ് കേസുകള്‍ ചേര്‍ത്തല ഡിവൈഎസ്പിയുടെ സംഘവും അന്വേഷിക്കുന്നതിന് പുറമേയാണ് മൂന്നാമതൊരു സംഘം കൂടി എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസുകളുടെ വേഗം കൂട്ടുന്നതിനാണ് കൂടുതല്‍ അന്വേഷണ സംഘങ്ങള്‍ക്ക് ചുമതല വീതിച്ചു നല്‍കിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ശാസ്ത്രീയ അന്വേഷണ രീതികള്‍ അവലംഭിക്കുവാനും സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലീകരിക്കുവാനുമാണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനങ്ങളുണ്ടായത്.
ബിന്ദുവിനെ എന്ന് മുതലാണ് കാണാതായത് എന്ന് വ്യക്തമായി അറിയുന്നതിന് ഇവര്‍ പഠിച്ച സ്ഥാപനങ്ങളും ജോലിനോക്കിയ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്‍റെ വ്യാപ്തി മറ്റ് അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുവാനും സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കുന്നത് ഉള്‍പ്പെയുള്ള ശക്തമായ നടപടികള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എ.നസീം, ചേര്‍ത്തല ഡിവൈഎസ്പി എ.ഡി.ലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം വ്യാജ മുക്ത്യാര്‍ ചമച്ച് വസ്തു വില്‍പന നടത്തിയ കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 27ലേക്ക് മാറ്റി. കേസിലെ മൂന്നും നാലും പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്. ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ഇടപ്പള്ളിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്രം അന്വേഷണം ചുരുക്കുവാനുള്ള പൊലീസ് നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ബിന്ദുവിന്റെ തന്നെ മറ്റനേകം വസ്തുക്കള്‍ വില്‍പന നടത്തിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം. ബിന്ദുവിന്റെ മാതാവ് 2002ല്‍ മരിച്ച ബി.അംബികാദേവിയുടെ പേരിലുണ്ടായിരുന്ന വസ്തു 2003ല്‍ വില്‍പന നടത്തിയതായി ആധാരം ചമച്ചതായും ബിന്ദുവിന്റെ സഹോദരന്‍ രേഖകള്‍ സഹിതം പരാതിപ്പെട്ടിരുന്നു. ഇത്തരത്തില്‍ വ്യാപകമായി ഭൂമിതട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam