ഒറ്റയടിക്കുള്ള മുത്തലഖിനെ തള്ളി മുസ്ളീം വ്യക്തിനിയമ ബോര്‍ഡ്

By Web DeskFirst Published May 17, 2017, 8:01 AM IST
Highlights

ദില്ലി: ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ളീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്ളീം സ്ത്രീകൾക്ക് നൽകാനാകുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. മുത്തലാഖിൽ അനീതിയുണ്ടെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന് ജമാഅതേ ഇസ്ലാമി ഹിന്ദ് വാദിച്ചു.
 
വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഒറ്റയടിക്കുള്ള മുത്തലാഖ് രീതി പാപമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഒറ്റയടിക്ക് മുത്തലാഖ് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പ്രമേയം പാസാക്കിയിട്ടുണ്ട്. മാറ്റത്തിനുള്ള തുടക്കം സമുദായത്തിന് അകത്തുനിന്നാണ് ഉണ്ടാകേണ്ടത്. 

അതൊരിക്കലും കോടതിക്ക് ചെയ്യാനാകില്ല എന്നും വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി കപിൽ സിബൽ ആവര്‍ത്തിച്ചു. മുത്തലഖ് പാപമാണെന്ന പ്രമേയം മുസ്ലീം സമുദായത്തിലെ എല്ലാ പുരോഹിതന്മാരും അംഗീകരിക്കുമോ എന്ന് കോടതി ചോദിച്ചു. അംഗീകരിക്കണമെന്നില്ല എന്നായിരുന്നു വ്യക്തിനിയമ ബോര്‍ഡിന്‍റെ മറുപടി. മുത്തലഖ് പാപമാണെങ്കിൽ അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം മുസ്ളീം സ്ത്രീകൾക്ക് നൽകിക്കൂടേ എന്നതായിരുന്നു പിന്നീട് കോടതിയുടെ ചോദ്യം. 

വിവാഹ സമയത്ത് തന്നെ ഒറ്റയടിക്കുള്ള മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാൻ മുസ്ളീം പെണ്‍കുട്ടികൾക്ക് അവകാശം നൽകേണ്ടതാണ്. വിവാഹ കരാറിൽ തന്നെ അത് ഉൾപ്പെടുത്താവുന്നതല്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തിനിയമ ബോര്‍ഡ് മറുപടി നൽകി. 

എന്നാൽ മുത്തലാഖിൽ അനീതി ഉണ്ടാകുന്നുവെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ജമാഅതേ ഇസ്ളാമി ഹിന്ദ് അറിയിച്ചു. അല്ലാതെ ഒരു വിശ്വാസത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്. കേസിൽ മുസ്ളീം വ്യക്തിനിയമ ബോര്‍ഡിന്‍റെ വാദത്തിന് ശേഷം ജമാഅതേ ഇസ്ളാമി ഹിന്ദിന്‍റെ വാദം ആരംഭിച്ചു.

click me!